തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മഹാകുംഭാഭിഷേകത്തിന്റെ ഭാഗമായ കലശപൂജകൾ ഇന്നാരംഭിക്കും. രാവിലെ ശ്രീപദ്മനാഭസ്വാമിക്കും ശ്രീകൃഷ്ണസ്വാമിക്കും ഹോമങ്ങളും കലശങ്ങളും മറ്റും ആചാര്യവരണത്തോടെ തുടങ്ങും. തുടർന്ന് മുളയിടൽ പ്രാസാദശുദ്ധിഹോമം, വാസ്തുഹോമം,വാസ്തുകലശപൂജ,വാസ്തുബലി,വാസ്തുകലശാഭിഷേകം,ശാന്തിഹോമം,രാക്ഷോഹ്നഹോമം, തത്വഹോമം,തത്വകലശാഭിഷേകം,അധിവാസഹോമം,കലശാധിഹോമം,ദ്രവ്യകലശാഭിഷേകം, അവസ്രുതപ്രോക്ഷണം തുങ്ങിയവ നടക്കും.
മുഖ്യതന്ത്രി ഗോവിന്ദൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ തന്ത്രിമാരായ തരണനെല്ലൂർ പ്രദീപ് നമ്പൂതിരിപ്പാട്,തരണനെല്ലൂർ എൻ.ആർ.സതീശൻ നമ്പൂതിരിപ്പാട്,തരണനെല്ലൂർ സജി നമ്പൂതിരിപ്പാട് എന്നിവർ നേതൃത്വം നൽകും.
8ന് രാവിലെ 7.40നും 8.40നും ഇടയിലാണ് മഹാകുംഭാഭിഷേകം. ശ്രീകോവിലിന് മുകളിൽ താഴികക്കുടങ്ങളുടെ സമർപ്പണം,വിഷ്വക്‌സേന വിഗ്രഹത്തിന്റെ പുനഃപ്രതിഷ്ഠ,തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അഷ്ടബന്ധകലശം എന്നിവയാണ് ഒരുമിച്ചു നടത്തുന്നത്. മാർത്താണ്ഡവർമ മഹാരാജാവ് 1750ൽ ക്ഷേത്രം നവീകരിച്ച് തൃപ്പടിദാനം നടത്തിയതിന് 275 വർഷങ്ങൾക്കു ശേഷമാണിപ്പോൾ സ്തൂപികാസമർപ്പണം നടത്തുന്നത്.
ദർശന സമയത്തിൽ മാറ്റം
ഇന്ന് പുലർച്ചെ 3.30 മുതൽ 4.45 വരെയും 6.30 മുതൽ 7 വരെയും 9 മുതൽ 11 വരെയും 11.30 മുതൽ 12 വരെയും വൈകിട്ട് 4.30 മുതൽ 6 വരെയുമാണ് ദർശനം.
ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെ പുലർച്ചെ 3.30 മുതൽ 4.45 വരെയും 6.30 മുതൽ 7 വരെയും 10.30ന് ശേഷവുമായിരിക്കും ദർശനം. വൈകിട്ട് 4.30 മുതൽ 6.15 വരെയും 6.45 മുതൽ 7.20 വരെയും ദർശനം നടത്താം. മഹാകുംഭാഭിഷേകം നടക്കുന്ന ഞായറാഴ്ച പുലർച്ചെ 3.30 മുതൽ 4.45 വരെയും 6.30 മുതൽ 6.45 വരെയാണ് ദർശനം. പിന്നീട് പ്രതിഷ്ഠാചടങ്ങുകൾക്കു ശേഷമേ ദർശന സൗകര്യമുള്ളൂ. വൈകിട്ട് 4.30 മുതൽ 6 വരെയാണ് ദർശനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |