തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിയെ സ്‌കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ച സംഭവത്തിൽ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർ ഹെഡ്മാസ്റ്ററിൽനിന്ന് വിശദീകരണം തേടി. സംഭവത്തിൽ മന്ത്രി വി.ശിവൻകുട്ടി അടിയന്തര റിപ്പോർട്ട് തേടിയതിനെത്തുടർന്നാണ് നടപടി. ഇന്നലെ സ്കൂളിലെത്തിയ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീജാ ഗോപിനാഥിന് ഹെഡ്മാസ്റ്റർ വിശദീകരണം നൽകി. പഠനോപകരണ വിതരണത്തിനെത്തിയ ജെ.സി.ഐ എന്ന സംഘടനയാണ് മുകേഷ് എം.നായരെ ക്ഷണിച്ചത്. സംഘടന മാപ്പപേക്ഷിച്ച് സ്കൂളിന് കത്ത് നൽകിയിരുന്നു. ഈ കത്തും ഹെഡ്മാസ്റ്റർ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നൽകി. സ്കൂളിന് മനഃപൂർവമായ വീഴ്ചയുണ്ടായില്ലെന്നാണ് വകുപ്പിന്റെ കണ്ടെത്തലെന്നാണ് സൂചന.
ഫോർട്ട് സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിലാണ് വ്ളോഗർകൂടിയായ മുകേഷ് എം.നായർ എത്തിയത്.
ഫോർട്ട് വാർഡ് കൗൺസിലർ ജാനകി അമ്മാൾ, മുൻ അസി.കമ്മിഷണർ ഒ.എ സുനിൽ എന്നിവർ പങ്കെടുത്ത പരിപാടിയിലാണ് പോക്സോകേസ് പ്രതിയും പങ്കെടുത്തത്.
പതിനഞ്ചുകാരിയെ അർദ്ധനഗ്നയാക്കി റീൽസ് ചിത്രീകരിച്ചെന്നും അനുമതിയില്ലാതെ ദേഹത്ത് സ്പർശിച്ചെന്നും കാണിച്ച് കുട്ടിയുടെ അമ്മ നൽകിയ കേസിലാണ് കോവളം പൊലീസ് മുകേഷിനെ അറസ്‌റ്റ് ചെയ്തത്. തുടർന്ന് പോക്സോ കോടതിയിൽ നിന്ന് മുകേഷ് ജാമ്യം നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |