തിരുവനന്തപുരം: ഫാം ഫെഡ് നിക്ഷേപത്തട്ടിപ്പിൽ റിമാൻഡിലായ ചെയർമാൻ രാജേഷ് ചന്ദ്രശേഖരൻ പിള്ളയേയും എം.ഡി അഖിൻ ഫ്രാൻസിസിനേയും ചോദ്യം ചെയ്യുന്നതിനായി മ്യൂസിയം പൊലീസ് കസ്റ്റഡിയിൽ വാങ്ങി. 5ദിവസത്തേക്കാണ് കസ്റ്റഡി. പ്രതികളെ വിവിധ ജില്ലകളിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കമ്പനിയുടെ ബോർഡ് മെമ്പർമാരായ ധന്യ,ഷൈനി,പ്രിൻസി ഫ്രാൻസിസ്,മഹാവിഷ്ണു ശാസ്തമംഗലത്തെ ബ്രാഞ്ച് മാനേജർ രമ്യ കൃഷ്ണൻ എന്നിവരെയും പ്രതിചേർത്തിട്ടുണ്ട്. ഇവരെല്ലാം ഒളിവിലാണ്. നിലവിൽ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ മാത്രം 8 പരാതികളാണ് രജിസ്റ്റർ ചെയ്തത്.ഈ കേസുകളിലായി 60ലക്ഷത്തോളം രൂപയാണ് തട്ടിയത്. ഗുരുവായൂർ പൊലീസ് സ്റ്റേഷനിൽ അമ്പതോളം പരാതികൾ ലഭിച്ചിരുന്നു. ഇത്രയും പരാതിക്കാരിൽ നിന്നായി പത്തുകോടിയിലേറെ രൂപ നഷ്ടപ്പെട്ടു. വിവിധ ജില്ലകളിലായി സംഘം 300 കോടിയിലേറെ തട്ടിയതായാണ് പ്രാഥമിക വിവരം. കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ കീഴിലാണ് സ്ഥാപനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ പേരിൽ വലിയ പരസ്യം ചെയ്താണ് നിക്ഷേപകരെ ആകർഷിച്ചിരുന്നത്. പലരിൽനിന്നായി തട്ടിയെടുത്ത തുക ഇവർ റിയൽ എസ്റ്റേറ്റ് ബിസിനസിലും മറ്റ് വ്യവസായങ്ങളിലും നിക്ഷേപിച്ചതായാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |