തിരുവനന്തപുരം: ഫോർട്ട് ഹൈസ്കൂളിലെ പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതിയെ പങ്കെടുപ്പിച്ചത് തെറ്റാണെന്നും വിഷയത്തിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി. ഫോർട്ട് ഹൈസ്‌കൂളിലെ പ്രഥമാദ്ധ്യാപകൻ വന്ന് കണ്ടിരുന്നു. പ്രഥമാദ്ധ്യാപകനും അദ്ധ്യാപകർക്കും ഈ വ്യക്തിയുടെ കേസ് അറിയില്ലെന്നാണ് പറയുന്നത്. അത് ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. സ്‌കൂൾ മാനേജർ നടപടിയെടുക്കണമെന്നും ഇല്ലെങ്കിൽ സർക്കാർ നേരിട്ട് നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഫോർട്ട് ഹൈസ്കൂളിലെ പ്രവേശനോത്സവ ചടങ്ങിൽ സ്കൂളിലേക്കുള്ള പഠനോപകരണ വിതരണം നടത്തിയ ജെ.സി.ഐ എന്ന സംഘടനയാണ് പോക്സോകേസ് പ്രതിയും വ്ലോഗറുമായ മുകേഷ് എം.നായരെ ക്ഷണിച്ചത്. കേസിൽ ഉപാധികളോടെ ജാമ്യത്തിൽ നിൽക്കവേയാണ് ഇയാൾ പരിപാടിയിൽ പങ്കെടുത്തത്.
സ്‌കൂളിന് പിഴവെന്ന് റിപ്പോർട്ട്
സംഭവത്തിൽ സ്‌കൂളിന് ഗുരുതര പിഴവ് സംഭവിച്ചെന്നാണ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട്. പരിപാടിയിലേക്ക് ക്ഷണിച്ചത് മറ്റൊരു സംഘടനയാണെങ്കിലും സ്‌കൂൾ അധികൃതർക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി വി.ശിവൻകുട്ടി നിർദേശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |