വർക്കല: ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളുടെ പ്രധാന ശ്രദ്ധാകേന്ദ്രമായ വർക്കലയിൽ ലഹരിവസ്തുക്കളുടെ ഉപയോഗവും തന്മൂലം തെരുവുകളിൽ ഗുണ്ടായിസവും നാൾക്കുനാൾ വർദ്ധിക്കുന്നതായി പരാതി. ജനകീയ സഹകരണത്തോടെ പങ്കാളിത്ത ആസൂത്രണവും ഉത്തരവാദിത്വ വിനോദ സഞ്ചാരത്തിലൂടെ ശാക്തീകരണവുമെന്ന സംസ്ഥാന സർക്കാർ നയത്തിന് വെല്ലുവിളി ഉയർത്തുകയാണ് ഇവിടുത്തെ ഓരോ സംഭവങ്ങളുമെന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെ തമിഴ്‌നാട്ടിൽ നിന്നെത്തിയ ഒരു സംഘം ലഹരിക്ക് അടിമപ്പെട്ട യുവാക്കളാൽ ആക്രമിക്കപ്പെട്ടു. സ്ഥലകാലബോധം പോലുമില്ലാതെ വഴിയാത്രക്കാരെ പോലും ആക്രമിക്കാൻ ഈ യുവാക്കൾ മുതിർന്നത് അതീവഗൗരവമുള്ള വിഷയമാണ്. പൊലീസിന്റെ സേവനം പകലും രാത്രിയും തെരുവോരങ്ങളിൽ ലഭ്യമാക്കേണ്ട കാലം അതിക്രമിച്ചു. 3ന് രാത്രിയിൽ പാപനാശത്തെ ബാറിലുണ്ടായ തർക്കവും നടുറോഡിൽ അടിപിടിയിൽ കലാശിച്ചു. ക്രമസമാധാനത്തിനെത്തിയ പൊലീസും ഇവിടെ ആക്രമിക്കപ്പെട്ടു. ലഹരി ഉപയോഗത്തിന്റെ പരിണിതഫലമായി ഇവിടുത്തെ ടൂറിസം ചൂഷണം ചെയ്യപ്പെടുകയാണ്.
ലഹരി സ്രോതസുകൾ
സെക്‌സ് ടൂറിസം,ഡ്രഗ്സ് ടൂറിസം,ക്രോസ് മസാജിംഗ് തുടങ്ങിയ വാക്കുകളിന്ന് യുവാക്കളെ ഹരംകൊള്ളിക്കുകയാണ്. ലഹരിയുടെ ചില്ലറ വില്പനക്കാരും ഉപഭോക്താക്കളും വല്ലപ്പോഴും പൊലീസിന്റെയോ എക്സൈസിന്റെയോ പിടിയിൽ അകപ്പെടുന്നതൊഴിച്ചാൽ ലഹരിലഭ്യതയ്ക്ക് കുറവ് വന്നിട്ടില്ല. ലഹരി ഉപയോഗത്താൽ വാഹനാപകടങ്ങളും വർദ്ധിക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ കാര്യത്തിൽ കൃത്യമായ നിരീക്ഷണം ആവശ്യമാണ്. സ്കൂളിൽ എത്താത്തവരുടെ രക്ഷകർത്താക്കളെ അദ്ധ്യാപകർ യഥാസമയം വിവരമറിയിക്കുകയും സ്കൂൾ പി.ടി.എ കർശന നിലപാടെടുക്കുകയും ചെയ്തില്ലെങ്കിൽ തടയാൻ കഴിയാത്തവിധം ഒരു തലമുറ നശിക്കുന്നതിന് സമൂഹം സാക്ഷിയാവും.ക്യാമറാ നിരീക്ഷണം ശക്തമാക്കി പൊലീസ് കൺട്രോൾറൂം പ്രവർത്തനം ആരംഭിക്കണമെന്നും ഇതിനകം ആവശ്യമുയർന്നിട്ടുണ്ട്.
ഇരുളും അനുഗ്രഹം
സംഘം ചേർന്നെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്. കടൽത്തീരങ്ങളിൽ വൈദ്യുതി പോസ്റ്റുകൾ സ്ഥാപിച്ചിട്ടില്ല. ഇരുളിൽ എന്ത് സംഭവിച്ചാലും പുറംലോകം അറിയില്ല. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന സംഘങ്ങളുടെ പരസ്യ മദ്യപാനവും ലഹരി തേടിയുള്ള അന്വേഷണവും നാട്ടുകാർക്ക് സ്ഥിരം കാഴ്ചയാണ്. മദ്യവില്പന കേന്ദ്രത്തിലും ഇവരുടെ തിരക്കുണ്ട്. ബിയർ ബോട്ടിലുകൾ റോഡിലെറിഞ്ഞ് പൊട്ടിക്കുന്നതും മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കുന്നതും സ്ഥിരം സംഭവമായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു.
വില്പനയും വൻതോതിൽ
ഇടവ, കാപ്പിൽ ടൂറിസം മേഖലകളിലും ലഹരി സംഘങ്ങൾ ശക്തമാണ്. വിജനമായ പ്രദേശങ്ങളിൽ സ്കൂൾ കോളേജ് വിദ്യാർത്ഥികൾ ചൂഷണം ചെയ്യപ്പെടുന്നു. യൂണിഫോമിലാണ് ഇവർ സുഹൃത്തുക്കൾക്കൊപ്പം എത്തുന്നത്. ടൂറിസം വികസന പ്രവർത്തനങ്ങളില്ലെങ്കിലും ലഹരിവില്പനയും ഉപയോഗവും വൻതോതിൽ നടക്കുന്നു. എക്‌സൈസിന്റെ പ്രവർത്തനം കാര്യക്ഷമമാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.പരിമിതമായ പൊലീസ് ഉദ്യോഗസ്ഥരാണ് അയിരൂർ,വർക്കല സ്റ്റേഷനുകളിലുള്ളത്. ഇവർക്ക് നിലവിൽ ജോലിഭാരം കൂടുതലാണ്. മതിയായ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും ആവശ്യമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |