കാട്ടാക്കട: കിള്ളിയിൽ വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് അയൽവാസിയെ മർദ്ദിച്ചു. 18ന് രാത്രി 9.30ഓടെയാണ് സംഭവം.
കടയിൽ സാധനം വാങ്ങിക്കാൻ പോയ കിള്ളി തയ്ക്കവിളയിൽ സബീന മൻസിലിൽ സിയാദിനെ (26) സമീപത്ത് വാടകയ്‌ക്ക് താമസിക്കുന്ന വള്ളക്കടവ് സ്വദേശി റാഹീസ് ഖാൻ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്‌തെന്നാണ് പരാതി. വഴിയിലൂടെ പോയപ്പോൾ നോക്കിയെന്ന് ആരോപിച്ചാണ് സിയാദിനെ റാഹീസ് തടഞ്ഞുനിറുത്തിയത്. അസഭ്യം പറഞ്ഞശേഷം കൈയിലിരുന്ന വാൾ കൊണ്ട് ഭീഷണിപ്പെടുത്തി സിയാദിനു നേരെ പാഞ്ഞടുക്കുകയും നിലത്തുവീണ സിയാദിനെ മർദ്ദിക്കുകയുമായിരുന്നു.
ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരുടെ നേരെയും ഇയാൾ ആക്രോശിച്ചു. സംഭവം രൂക്ഷമായതോടെ ബന്ധുക്കൾ പുറത്തിറങ്ങി ഇയാളെ വീട്ടിൽ കയറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വാൾ വാങ്ങാനും ഇയാളെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തില്ലെന്നും ആശുപത്രിയിലെത്തിച്ചു പരിശോധന നടത്തിയില്ലെന്നും പ്രദേശവാസികൾ പറയുന്നു.
നിരവധി കേസുകളിൽ പ്രതിയായ റാഹീസിന്റെ വീട് പരിശോധിക്കാതെ പൊലീസ് മടങ്ങിപ്പോയെന്നും നാട്ടുകാർ ആരോപിച്ചു. ഇന്നലെ രേഖാമൂലം പരാതി ലഭിച്ച ശേഷം മാത്രമാണ് പൊലീസ് കേസെടുത്തത്. സംഭവത്തിന്റെ അടുത്ത ദിവസം പരിസരവാസികളെ നായയെ വിട്ടു കടിപ്പിക്കാനുള്ള ശ്രമങ്ങളും പ്രതി നടത്തിയെന്ന് പരാതിയിൽ പറയുന്നു. പ്രതി ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |