കിളിമാനൂർ: കിളിമാനൂരുകാർ ഇത്തവണ ഓണമുണ്ണാൻ തമിഴ്നാട് പച്ചക്കറിക്ക് കാത്തുനിൽക്കേണ്ട. നാടൻ പച്ചക്കറി വിഭവങ്ങൾ കഴിക്കാം.തീവില കൊടുത്ത് വിഷ പച്ചക്കറി വാങ്ങാതെ ജൈവപച്ചക്കറി വിളയിക്കുകയാണ് കിളിമാനൂർ ബ്ലോക്ക് പരിധിയിലെ കൃഷിഭവനുകൾ. ഇതിനായി ബ്ലോക്കിൽ 62 ഹെക്ടറിലാണ് കൃഷി ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ അത്യുത്പാദന ശേഷിയുള്ള 81,250 പച്ചക്കറിത്തൈ വിതരണം ചെയ്തു. 8000 സീഡ് കിറ്റും കൃഷിഭവൻ വഴി വിതരണം ചെയ്തിട്ടുണ്ട്. 20000 പച്ചക്കറി തൈകൾ വിതരണത്തിനായി പാകമാകുന്നു. വീട്ടിൽ കൃഷി ചെയ്ത് സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നവരാണ് പച്ചക്കറി കൃഷി ചെയ്യുന്നവരിലധികവും. ബാക്കി ഓണവിപണിയിൽ എത്തിക്കും. സെപ്തംബറിലേക്ക് വിളവെടുപ്പ് നടത്താവുന്ന രീതിയിലാണ് കൃഷി ഒരുക്കിയിരിക്കുന്നത്.
ഉത്പാദനം പ്രോത്സാഹിപ്പിക്കുക
പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക, സുരക്ഷിത പച്ചക്കറി ഉത്പാദനം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പച്ചക്കറി വികസന പദ്ധതി നടപ്പാക്കുന്നത്. വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിച്ച് കർഷകരെ സ്വയം പര്യാപ്തമാക്കാൻ ഈ പദ്ധതിക്ക് സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്. വീട്ടുവളപ്പിലെ കൃഷി, പുരയിട കൃഷി എന്നിവ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണിത്.
പച്ചക്കറി കൃഷി ചെയ്ത പഞ്ചായത്തുകൾ :
കരവാരം - 5 ഹെക്ടർ
കിളിമാനൂർ - 18
മടവൂർ - 10
നഗരൂർ - 5
നാവായിക്കുളം - 5
പള്ളിക്കൽ- 4
പഴയകുന്നുമ്മൽ - 5
പുളിമാത്ത് -10
ടോട്ടൽ - 62
കൃഷി ചെയ്യുന്നത്: മുളക്, തക്കാളി, വഴുതന, വെണ്ട, മത്തൻ, കഴുത്തൻ വെള്ളരി, പയർ,ചീര
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |