കോട്ടയം: ഈരാറ്റുപേട്ട പനയ്‌ക്ക പാലത്ത് ദമ്പതികളെ വാടകവീട്ടിൽ മരുന്നു കുത്തിവച്ച് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. രാമപുരം കൂടപ്പുലം രാധാഭവനിൽ (തെരുവയിൽ) സോമൻ - അംബിക ദമ്പതികളുടെ മകൻ വിഷ്ണു.എസ്.നായർ (36), ഭാര്യ രശ്‌മി (35) എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയാണ് ജീവനൊടുക്കാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സിംഗ് സൂപ്രണ്ടാണ് രശ്മി. യൂത്ത് കോൺഗ്രസ് രാമപുരം മണ്ഡലം മുൻ പ്രസിഡന്റായിരുന്ന വിഷ്‌ണു കരാർ പണികൾ എടുത്ത് നടത്തുകയായിരുന്നു. സാമ്പത്തിക പ്രതസിന്ധിയെ തുടർന്ന് പൊതു പ്രവർത്തനത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു
ആറുമാസം മുൻപാണ് പനയ്‌ക്കപാലത്ത് ഇരുനില വീടിന്റെ താഴത്തെ നിലയിൽ ഇരുവരും വാടകയ്‌ക്ക് താമസം തുടങ്ങിയത്. ഇന്നലെ രാവിലെ രശ്മിയുടെ അമ്മ ബീന ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. തുടർന്ന് ബീന മുകൾ നിലയിൽ താമസിക്കുന്നവരോട് അന്വേഷിക്കുവാൻ പറഞ്ഞു. ഇവർ എത്തിയപ്പോൾ പ്രധാന വാതിൽ തുറന്നും കിടപ്പുമുറിയുടെ വാതിൽ പൂട്ടിയ നിലയിലുമായിരുന്നു. തുടർന്ന് കെട്ടിട ഉടമയെ വിളിച്ചുവരുത്തി വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് ഇരുവരെയും കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും കെട്ടിപ്പിടിച്ച നിലയിലായിരുന്നു. രണ്ടുപേരുടെയും ശരീരം കരിവാളിച്ചിട്ടുണ്ടായിരുന്നു. മൃതദേഹങ്ങൾക്ക് സമീപത്തുനിന്നു സിറിഞ്ചും കണ്ടെത്തി.ഏത് മരുന്നാണ് ശരീരത്തിൽ പ്രവേശിച്ചതെന്ന് വ്യക്തമായിട്ടില്ല.
രശ്‌മി വിഷ്ണുവിന്റെ ശരീരത്തിൽ മരുന്ന് കുത്തിവച്ച ശേഷം സ്വയം മരുന്നെടുക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. ഇവർ പണം കൊടുക്കാനുള്ള സ്വകാര്യ പണമിടപാടുകാർ കഴിഞ്ഞ ദിവസം വിഷ്‌ണുവിന്റെ കൂടപ്പുലത്തെ വീട്ടിലും പനയ്ക്ക്പ്പാലത്തെ വീട്ടിലും എത്തി ബഹളം വച്ചിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് കൂടപ്പുലത്തെ വീട്ടുവളപ്പിൽ.
വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷമേ ഏത് മരുന്നാണ് കുത്തിവച്ചതെന്ന് അറിയാനാകൂ. സാമ്പത്തിക ഇടപാടുകളെപ്പറ്റി അന്വേഷിക്കുന്നുണ്ട്.
കെ.സദൻ, പാലാ ഡിവൈ.എസ്.പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |