വിതുര: മലയോരത്ത് മഴ ശക്തമായ സാഹചര്യത്തിൽ പൊൻമുടിയിലെ മൂടൽമഞ്ഞും സൗന്ദര്യവും ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ തിരക്കേറുന്നു. അവധിദിവസങ്ങളിൽ ടൂറിസ്റ്റുകളുടെ തിക്കും തിരക്കും വാഹനപ്പെരുപ്പവും കൂടുതലാണ്. നിലവിൽ പൊൻമുടിയിൽ മിക്കദിവസവും മഴയാണ്. പ്രതികൂല കാലാവസ്ഥയായിട്ടും സഞ്ചാരികളുടെ വരവിന് ഒരുകുറവുമില്ല. പാസ് ഇനത്തിൽത്തന്നെ ലക്ഷങ്ങളുടെ വരുമാനമാണ് വനംവകുപ്പിന് ലഭിക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച വൻ തിരക്കാണ് പൊൻമുടിയിൽ അനുഭവപ്പെട്ടത്. ഇതോടെ ഉച്ചയ്ക്കുശേഷം സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. നിരവധി സഞ്ചാരികളാണ് പൊൻമുടിയിലെത്താതെ തിരിച്ചുപോയത്. സന്ദർശകസമയം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊൻമുടി സംരക്ഷണസമിതി നേരത്തേ ടൂറിസം മന്ത്രിക്ക് നിവേദനം നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചില്ല.
സൂക്ഷിക്കണേ...
മഴയായതോടെ പുലി ഉൾപ്പെടെയുള്ള കാട്ടുമൃഗങ്ങളുടെ സാന്നിദ്ധവുമുണ്ട്. മാത്രമല്ല പൊൻമുടി വിതുര റോഡിൽ ഗതാഗതക്കുരുക്കും അപകടങ്ങളും വർദ്ധിച്ചുവരികയാണ്. മൂടൽമഞ്ഞ് കാരണം എതിർദിശയിൽനിന്ന് വരുന്ന വാഹനങ്ങളെ കാണാൻ കഴിയാത്തതും അപകടങ്ങൾക്ക് ഇടയാക്കുന്നു. നിലവിൽ അവധി ദിവസങ്ങളിലാണ് കൂടുതൽ തിരക്ക്.
സമയം കൂട്ടണം
രാവിലെ എട്ട് മുതൽ വൈകിട്ട് നാല് വരെയാണ് സന്ദർശനത്തിനായി പാസ് നൽകുന്നത്. ഇതുമൂലം വൈകിട്ടെത്തുന്നവർക്ക് പാസ് കിട്ടാറില്ല. സഞ്ചാരികളുടെ തിരക്ക് മുൻനിറുത്തി രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ പാസ് നൽകണമെന്നാണ് ടൂറിസ്റ്റുകളുടെ ആവശ്യം. നേരത്തേ സന്ദർശകപാസ് വർദ്ധിപ്പിക്കാൻ വനംവകുപ്പ് തീരുമാനിച്ചിരുന്നെങ്കിലും നാട്ടുകാരുടെ എതിർപ്പുമൂലം തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.
ഓരോ സർക്കാരും പൊൻമുടിക്കായി ബഡ്ജറ്റിൽ തുക പ്രഖ്യാപിക്കുമെങ്കിലും ഒന്നും നടന്നിട്ടില്ല. 10 വർഷം മുമ്പ് പ്രഖ്യാപിച്ച റോപ്പ്‌വേയും ഹെലിപ്പാഡും വെട്ടം കണ്ടില്ല. എന്നാലും സഞ്ചാരികളുടെ എണ്ണത്തിൽ കുറവൊന്നുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |