കൊച്ചി: റാഗിംഗിനെ തുടർന്ന് ജീവനൊടുക്കിയ പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥിന്റെ കുടുംബത്തിന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ വിധിച്ച നഷ്ടപരിഹാരം 10 ദിവസത്തികം കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരനിട്ടു.
7 ലക്ഷം രൂപയാണ് കെട്ടിവയ്‌ക്കേണ്ടത്. 2024 ഒക്ടോബർ ഒന്നിനായിരുന്നു കമ്മിഷന്റെ ഉത്തരവ്. അത് ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. എട്ട് മാസത്തിനു ശേഷമാണ് സർക്കാരിന്റെ ഹർജിയെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇതിനുള്ള കാരണം വ്യക്തമാക്കാത്തതിൽ അതൃപ്തിയറിയിച്ചു. കാരണം കൂടി വ്യക്തമാക്കി ഹർജി ഭേദഗതി ചെയ്ത് സമർപ്പിക്കാനും നിർദ്ദേശിച്ചു.
ഉത്തരവ് പാലിക്കാത്തതിനാൽ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാവാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാർ ഹർജി നൽകിയത്. നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവിനെ എതിർക്കുന്നെങ്കിൽ ഉടൻ തന്നെ ഹർജി നൽകേണ്ടിയിരുന്നു. ഉദ്യോഗസ്ഥൻ ഹാജരാകാൻ നിർദ്ദേശിച്ചപ്പോഴാണ് സർക്കാരിന് കോടതിയെ സമീപിക്കാൻ തോന്നിയതെന്നും ഡിവിഷൻ ബെഞ്ച് വിമർശിച്ചു.
കമ്മിഷൻ മുമ്പാകെ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ചീഫ് സെക്രട്ടറിയെ ഒഴിവാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. ഈ ആവശ്യം ദേശീയ മനുഷ്യാവകാശ കമ്മിഷൻ മുമ്പാകെ ഉന്നയിക്കണമെന്നും അപേക്ഷ ലഭിച്ചാൽ കമ്മിഷൻ പരിഗണിക്കണമെന്നും കോടതി നിർദ്ദേശിച്ചു. നഷ്ടപരിഹാരം നൽകുന്നത് കോടതിയുടെ തീർപ്പിന് വിധേയമായിരിക്കും.
ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതിയുടെ പരാതിയിലായിരുന്നു ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്. ഒരു മൂന്നാം കക്ഷിയുടെ പരാതിയിൽ ഇത്തരത്തിൽ ഉത്തരവിടാൻ കമ്മിഷന് അധികാരമില്ലെന്നാണ് സർക്കാരിന്റെ വാദം. നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. ഹർജി ജൂലായ് 11ന് പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |