കല്ലറ: വാഴക്കർഷകർക്ക് പറയാനുള്ളത് ദുരിതക്കഥ മാത്രം. കടുത്ത വരൾച്ചയ്ക്കും പെരുമഴയ്ക്കും ശേഷം വാഴക്കുലയ്ക്ക് വില ഉയർന്നപ്പോൾ കർഷകന് വിളവില്ല. പ്രതികൂല കാലാവസ്ഥയിൽ വാഴക്കൃഷി കൂട്ടത്തോടെ നശിച്ചതിനാൽ വിലക്കയറ്റം പ്രയോജനപ്പെടുത്താനാകാത്ത അവസ്ഥയിലാണ് കർഷകർ. വിപണിയിൽ നാടൻ ഏത്തക്കുലയ്ക്ക് ക്ഷാമം നേരിടുകയാണ്. കടുത്ത വരൾച്ചയെ തുടർന്നാണ് വാഴക്കൃഷിക്ക് നാശം നേരിട്ടത്. ഒരു കിലോ നാടൻ പച്ച ഏത്തയ്ക്കയുടെയും പൂവന്റെയും വില 60 രൂപയിലെത്തി. ഏത്തപ്പഴത്തിന് 80 രൂപയും ഞാലിപ്പൂവന് 70 രൂപയുമാണ് വില. പാളയംകോടന് 35 മുതൽ 40 രൂപ വരെയും. രണ്ടാഴ്ച കൊണ്ട് 30 രൂപവരെയാണ് കിലോയ്ക്ക് വർദ്ധിച്ചത്.
കർഷകർ സങ്കടത്തിൽ
സ്വാശ്രയ കർഷക വിപണികളിൽ 500 കിലോ വരെ നാടൻ വാഴക്കുല കർഷകർ എത്തിക്കുമായിരുന്നു. ഇപ്പോൾ വിപണി ദിവസം 200 കിലോയിൽ താഴെയാണ് എത്തുന്നത്. നാടന് ക്ഷാമം നേരിടുമ്പോൾ മറുനാടന്റെയും വില ഉയർന്നു. ഒരു കിലോ വയനാടൻ ഏത്തപ്പഴത്തിന് 70 രൂപയും തമിഴ്നാട് ഇനത്തിന് 60 രൂപയുമാണ് ചില്ലറ വില്പന.
മറുനാടന്റെ വരവ് കൂടി
വിപണിയിൽ മറുനാടന്റെ വരവും കൂടിയിട്ടുണ്ട്.ഏത്തവാഴ ഒന്നിന് 250 മുതൽ 300 രൂപ വരെ ചെലവഴിച്ചാണ് വിളവെടുപ്പിന് പാകമാക്കുന്നത്. എന്നാൽ വില ഉയരുമ്പോൾ വിളവില്ല. ശക്തമായ മഴ ഓണക്കാല കൃഷിക്കും തിരിച്ചടിയാണ്. ഓണക്കാലത്ത് വില വീണ്ടും ഉയരുമെന്ന പ്രതീക്ഷയിലാണ് കർഷകർ. പ്രതികൂല കാലാവസ്ഥയെ പ്രതിരോധിച്ചുവേണം കൃഷി മുന്നോട്ട് കൊണ്ടുപോകാൻ. മറുനാടന്റെ വരവിൽ ഉണ്ടാകുന്ന വിലയിടിവും വലിയ പ്രതിസന്ധിയാണ്.
ഏത്തപ്പഴം 80 രൂപ
ഞാലിപ്പൂവൻ 70
പാളയംകോടൻ 35-40 രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |