ചിറയിൻകീഴ്: ചിറയിൻകീഴ് താലൂക്ക് ആശുപത്രി പരിസരത്ത് അപകടാവസ്ഥയിൽ നിൽക്കുന്ന വൃക്ഷങ്ങളും അവയുടെ ശിഖരങ്ങളും നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. വൃക്ഷ ശിഖരങ്ങൾ പലതും ആശുപത്രി കെട്ടിടങ്ങൾക്ക് മുകളിലേക്കും ആശുപത്രി പരിസരത്തെ വീടുകളിലേക്കും ചാഞ്ഞിറങ്ങിയും നാശനഷ്ടങ്ങൾ ഉണ്ടാകുന്നതായി നാട്ടുകാർ പറയുന്നു. സമീപത്തെ വീട്ടുകാർ ഇതുസംബന്ധിച്ച പരാതി ബന്ധപ്പെട്ടവർക്ക് നൽകിയിട്ടുണ്ട്. ആശുപത്രി വളപ്പിലെ ഉറക്കംതൂങ്ങി, തേക്ക് അടക്കമുള്ള മരശിഖരങ്ങളാണ് ഇത്തരത്തിൽ പടർന്നിറങ്ങിയിരിക്കുന്നത്. വൃക്ഷങ്ങളുടെ ഇലകളും വേരുകളും കിണറ്റിലേക്കും പരിസരപ്രദേശങ്ങളിലേക്കുമെത്തി അശുദ്ധി ഉണ്ടാക്കുന്നതായും പരാതിയിൽ പറയുന്നു. മാത്രവുമല്ല ശക്തമായ കാറ്റും മഴയും ഉണ്ടായാൽ വൃക്ഷശിഖരങ്ങൾ ഒടിയുമോ എന്ന ഭയവുമുണ്ട്. ഏതാനും ദിവസങ്ങൾക്കു മുമ്പാണ് ആശുപത്രിക്ക് മുൻവശത്ത് നിന്ന് യൂക്കാലി മരം കടപുഴകി കാഷ്വാലിറ്റി ബ്ലോക്കിന് മുകളിലൂടെ വീണത്. ലൈൻ കമ്പിയിൽ ചാഞ്ഞു കിടന്നതിനാലാണ് അന്ന് വൻ അപകടം ഒഴിവായത്. ആശുപത്രി പരിസരത്തെ ജനറൽ വാർഡ്, മോർച്ചറി, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ് എന്നീ മന്ദിരങ്ങളിലോട്ടെല്ലാം വൃക്ഷശിഖരങ്ങൾ ചാഞ്ഞിറങ്ങിയിരിക്കുകയാണ്.
റോഡ് നവീകരിക്കണം
ആശുപത്രിക്കുള്ളിൽ റോഡിന്റെ അവസ്ഥയും ശോചനീയമാണ്. പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡിൽ മഴപെയ്താൽ വെള്ളക്കെട്ടാണ്. ഓപ്പറേഷൻ കഴിഞ്ഞ രോഗികളെ ഈ റോഡിലൂടെയാണ് ജനറൽ വാർഡിൽ എത്തിക്കുന്നത്. ഈ പാത നവീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
തെരുവുനായ്ക്കളും ഇഴജന്തുക്കളും
ആശുപത്രിയിലെ ലാൻഡ് ഫോൺ പ്രവർത്തനരഹിതമായിട്ട് നാളുകളേറെയായി. അത്യാവശ്യഘട്ടങ്ങളിൽ എന്തെങ്കിലും വിവരങ്ങൾ ഇവിടെ നിന്നും ശേഖരിക്കാൻ കഴിയാത്ത അവസ്ഥയാണ്. തെരുവ് നായ്ക്കളുടെ ശല്യവും വേറെ. പുറത്തുനിന്ന് ധാരാളം തെരുവ് നായ്ക്കൾ ആശുപത്രി കോമ്പൗണ്ടിലേക്ക് കയറി വിഹരിക്കുന്നതും പതിവ് കാഴ്ചയാണ്. പരിസരപ്രദേശത്ത് പലയിടത്തും പുൽച്ചെടികൾ വളർന്ന് പന്തലിച്ചതിനാൽ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |