വിഷം വായിൽ ഒഴിച്ചത് ഭർത്താവെന്ന് മരണ മൊഴി
തൊടുപുഴ: ഗാർഹിക പീഡനത്തെ തുടർന്ന് വിഷം ഉള്ളിൽച്ചെന്ന് യുവതിയായ വീട്ടമ്മ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് പുറപ്പുഴ ആനിമൂട്ടിൽ ടോണി മാത്യുവിനെതിരെ (43) കരിങ്കുന്നം പൊലീസ് കൊലക്കുറ്റം ചുമത്തി. ടോണി വിഷം ബലമായി വായിൽ ഒഴിച്ചെന്ന് ചികിത്സയിലിരിക്കെ യുവതി മജിസ്‌ട്രേറ്റിന് രഹസ്യ മൊഴി നൽകിയിരുന്നു.
പുല്ലാരിമംഗലം അടിവാട് കുന്നക്കാട്ട് ജോണിന്റെ മകൾ ജോർളി (34) വ്യാഴാഴ്ച വൈകിട്ടാണ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇവരുടെ പ്രായപൂർത്തിയാകാത്ത ഏക മകളും സമാന മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ 26നാണ് യുവതിയെ വിഷം കഴിച്ച നിലയിൽ ആശുപതിയിൽ പ്രവേശിപ്പിച്ചത്. പ്രതി ടോണി റിമാൻഡിലാണ്. ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകും.
വിഷം ഉള്ളിൽ ചെന്ന നിലയിൽ ജോർളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ യുവതിയുടെ പിതാവ് പല്ലാരിമംഗലം അടിവാട് കുന്നക്കാട് ജോൺ കരിങ്കുന്നം പൊലീസിൽ പരാതി നൽകിയിരുന്നു. ഭർത്താവിന്റെയും ബന്ധുക്കളുടെയും ഭാഗത്ത് നിന്ന് ജോർളിക്ക് നിരന്തരമായി കടുത്ത മാനസിക, ശാരീരിക പീഡനങ്ങൾ ഏറ്റിരുന്നതായി പരാതിയിൽ വ്യക്തമാക്കിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഭർത്തൃ വീട്ടിൽ ജോർളി കടുത്ത പീഡനമേറ്റിരുന്നതായി വ്യക്തമായി.ഇയാളെ വീട്ടിലും വിഷം വാങ്ങിയ പുറപ്പുഴയിലെ വ്യാപാര സ്ഥാപനത്തിലും എത്തിച്ച് പൊലീസ് തെളിവെടുത്തു. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകിയ ജോർളിയുടെ മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ . സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2.30ന് പൈങ്ങോട്ടൂർ സെന്റ് ആന്റണീസ് ഫൊറോന ചർച്ചിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |