പ്രവർത്തകരും പൊലീസുമായി ഉന്തും തള്ളും,രണ്ടുപേർക്ക് പരിക്ക്
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ടുള്ള മഹിളാ കോൺഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം.
കോൺഗ്രസ് നേതാവ് കെ.മുരളീധരൻ മാർച്ച് ഉദ്ഘാടനം ചെയ്‌ത് മടങ്ങിയശേഷം മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിലെ ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ചു. ജെബി മേത്തർ എം.പിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ചതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ആദ്യവട്ടം വെള്ളം ചീറ്റിയപ്പോൾ പിറകോട്ടോടിയ പ്രവർത്തകർ പൊലീസിനെ കൂവിവിളിച്ചു. രണ്ടാംവട്ടം ജലപീരങ്കിയുടെ സൈറൺ മുഴങ്ങിയെങ്കിലും വെള്ളം പുറത്തുവന്നില്ല. പൊലീസിനെ കളിയാക്കിയ മഹിളാ കോൺഗ്രസുകാർ വീണ്ടും കൂവിവിളിച്ചു.
മൂന്നും നാലും തവണ സൈറൺ മുഴങ്ങിയെങ്കിലും വെള്ളം പുറത്തുവന്നില്ല. കൂവൽ തുടർന്നതോടെ വീണ്ടും രണ്ടുതവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പരിക്കേറ്റ ബിന്ദുചന്ദ്ര,ലക്ഷ്മീ എന്നീ പ്രവർത്തകരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സെക്രട്ടേറിയറ്റിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച മറ്റൊരു പ്രവർത്തകയ്‌ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. ഉച്ചയോടെ പ്രവർത്തകരെ പൊലീസ് നീക്കി. പൊതുഗതാഗതം തടസപ്പെടുത്തിയതിനും പൊലീസിന്റെ കൃത്യനിർവഹണം തടഞ്ഞതിനും ജെ.ബി മേത്തർ എം.പി,പ്രവർത്തകരായ മിനിമോൾ,ബിന്ദു,ഗായത്രി,രജനി,ഷെമി,ഷൈല എന്നിവർക്കും കണ്ടാലറിയാവുന്ന 100പേർക്കുമെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു.
മന്ത്രി രാജിവയ്ക്കണം:കെ.മുരളീധരൻ
കോട്ടയം മെഡിക്കൽ കോളേജിലെ പ്രശ്നത്തിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്ന് കെ.മുരളീധരൻ പറഞ്ഞു. അഭിനയിക്കാൻ നന്നായി അറിയാവുന്ന മന്ത്രിക്ക് സീരിയലിൽ അഭിനയിക്കാനോ വാർത്ത വായിക്കാനോ പോകാമെന്നും അദ്ദേഹം പരിഹസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |