പൂവാർ: തീരദേശ വാസികളുടെ ആശ്വാസ കേന്ദ്രമായിരുന്ന പൂവാർ ഫാമിലി ഹെൽത്ത് സെന്റർ പരിമിതികളാൽ വീർപ്പുമുട്ടുന്നു. കൂടുതൽ സൗകര്യങ്ങളേർപ്പെടുത്താൻ സ്ഥലപരിമിതി തടസമാകുന്നതായി അധികൃതർ പറയുന്നു. ആശുപത്രിയുടെ പ്രവേശന കവാടം തകർന്നിട്ട് രണ്ടുവർഷം പിന്നിട്ടു. ഇതുവരെ പുനർനിർമ്മിച്ചിട്ടില്ല. അപകടാവസ്ഥയിൽ നിന്ന പ്രവേശനകവാടം പൊളിച്ചുമാറ്റുമ്പോൾ ഉടൻ പുനർനിർമ്മിക്കുമെന്ന വാഗ്ദാനമാണ് നൽകിയിരുന്നത്. പാറശാല ബ്ലോക്ക് പഞ്ചായത്ത് വാക്ക് പാലിച്ചില്ലെന്നും നാട്ടുകാർ പറയുന്നു. തീരദേശ മേഖലയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് പൂവാർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ദുരവസ്ഥ അടിയന്തരമായി പരിഹരിക്കാൻ അധികൃതർ തയാറാകണമെന്നാവശ്യപ്പെട്ട് ആശുപത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
കെട്ടിടവും തകർന്നു
1956ൽ പ്രവർത്തനമാരംഭിച്ച പൂവാർ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗവും സജീവമായി പ്രവർത്തിച്ചിരുന്നു. 40 കിടക്കകൾ ഉണ്ടായിരുന്ന കുടുംബ ആരോഗ്യ കേന്ദ്രത്തിൽ 16 കിടക്കകളുടെ സൗകര്യം മാത്രമാണ് ഇപ്പോഴുള്ളത്. 56 സെന്റ് ഭൂമിയിൽ നിറയെ ചെറിയ കെട്ടിടങ്ങളാണ്. 3 കോർട്ടേഴ്സുകളിൽ രണ്ടെണ്ണം ഇടിച്ചുപൊളിച്ചാണ് ഐസൊലേഷൻ വാർഡ് നിർമ്മിച്ചത്. 2022ൽ പൂർത്തിയായ ഐസൊലേഷൻ വാർഡ് ഇതേവരെ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. കെട്ടിടവും ഉപകരണങ്ങളും തുരുമ്പെടുത്തെന്നാണ് ആക്ഷേപം.
പാർക്കിംഗും വെറുതെ
ഒ.പി ബ്ലോക്ക് നവീകരിച്ചതോടെ ആശുപത്രിക്കുള്ളിൽ നിന്നുതിരിയാൻ ഇടമില്ലാതായി. ആശുപത്രിക്ക് മുന്നിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ അസൗകര്യങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പ്രത്യേക പാർക്കിംഗ് ഏരിയ നിർമ്മിച്ചെങ്കിലും ആരും വാഹനങ്ങൾ പാർക്ക്ചെയ്യാറില്ല.
പദ്ധതികളും പാളി
ആശുപത്രിയിൽ എക്സറേ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചെങ്കിലും പദ്ധതി പാളി. ഗുണനിലവാരമില്ലാത്തതും പഴയതുമായ എക്സറേ മെഷീൻ സ്ഥാപിച്ചതാണ് പ്രവർത്തനം നിലയ്ക്കാൻ കാരണമെന്നാണ് ആക്ഷേപം
കിടപ്പ് രോഗികൾക്കുള്ള പാലിയേറ്റീവ് കെയർ സംവിധാനം കഴിഞ്ഞ 6 മാസമായി നിശ്ചലമാണ്.
സൗജന്യവും മെച്ചപ്പെട്ടതുമായ ചികിത്സ തീരദേശത്ത് ഉറപ്പുവരുത്താൻ അധികൃതർ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |