തിരുവനന്തപുരം : വ്യാജരേഖകൾ ഉണ്ടാക്കി ആൾമാറാട്ടം നടത്തി അമേരിക്കയിലുളള സ്ത്രീയുടെ വീടും വസ്തുവും തട്ടിയെടുത്ത കേസിൽ നാലാം പ്രതി ചന്ദ്രസേനന് കോടതി ജാമ്യം അനുവദിച്ചു. കേസിലെ ഒന്നാം പ്രതിയും കോൺഗ്രസ് നേതാവുമായ അനന്തപുരി മണികണ്ഠന്റെ മുൻകൂർ ജാമ്യാപേക്ഷ തളളി. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യ ഹർജികൾ പരിഗണിച്ചത്.
കേസിലെ ഒന്നാം പ്രതി മെറിൻ ജേക്കബ്ബിന്റെ റിമാൻഡ് കാലാവധി ഈ 31 വരെ നീട്ടിയ കോടതി മെറിന്റെ ജാമ്യഹർജിയിൽ ശനിയാഴ്ച വിധി പറയും. ശാസ്തമംഗലം ജവഹർ നഗറിൽ ഡോറ അസറിയ ക്രിപ്സിന്റെ ഉടമസ്ഥതയിലുളള ഒന്നര കോടി വിലവരുന്ന ഭൂമിയും വീടുമാണ് പ്രതികൾ തട്ടിയെടുത്ത് വിൽപ്പന നടത്തിയത്. പുനലൂർ അടയമൺ ചണ്ണപ്പേട്ട മണക്കാട് കോടാലിപച്ച ഓയിൽ പാം പഴയ ഫാക്ടറിക്ക് സമീപം പുതുപറമ്പിൽ വീട്ടിൽ മെറിൻ ജേക്കബ്ബ്, വട്ടപ്പാറ മരുതൂർ ചീനിവിള പാലയ്ക്കാട്ട് വീട്ടിൽ വസന്ത എന്നിവർ ചേർന്ന് വെണ്ടർ അനന്തപുരി മണികണ്ഠന്റെ സഹായത്താൽ ഭൂമി തട്ടിയെടുത്ത് ചന്ദ്രസേനന് വിലയാധാരമായി നൽകുകയായിരുന്നു. ഭൂമി സംബന്ധമായ രേഖകൾക്ക് വീട് സൂക്ഷിപ്പുകാരൻ സബ്ബ് രജിസ്ട്രാർ ഓഫീസിൽ എത്തിയപ്പോഴാണ് തട്ടിപ്പ് നടന്ന വിവരം അറിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |