കടയ്ക്കാവൂർ: സർക്കാരിന്റെ സ്വപ്നപദ്ധതിയായി ആവിഷ്കരിച്ച കടയ്ക്കാവൂരിലെ കിടാരി പാർക്ക് അടച്ചുപൂട്ടലിന്റെ വക്കിൽ. ഏകദേശം 3കോടി രൂപയോളം ചെലവിട്ട് കടയ്ക്കാവൂർ പഞ്ചായത്തിൽ 2019ൽ അന്നത്തെ ക്ഷീരവികസന മൃഗസംരക്ഷണവകുപ്പ് മന്ത്രിയായിരുന്ന അഡ്വ.കെ.രാജുവാണ് കിടാരി പാർക്ക് ഉദ്ഘാടനം ചെയ്തത്. മേൽകടയ്ക്കാവൂർ ക്ഷീരവ്യവസായ സഹകരണസംഘ (മിൽക്കോ) ത്തിനായിരുന്നു കിടാരി പാർക്കിന്റെ ഉടമസ്ഥാവകാശം. ചിറയിൻകീഴ് ക്ഷീരവികസന വകുപ്പിന് മേൽനോട്ട ചുമതലയും. 20ലക്ഷത്തോളം സബ്സിഡി ഇനത്തിൽ ലഭിച്ചു. മൂന്ന് അത്യാധുനിക സൗകര്യമുള്ള കാലിത്തൊഴുത്തും നിർമ്മിച്ചു. മികച്ചനിലയിൽ ആരംഭിച്ച പാർക്ക് കാലക്രമേണ കൂപ്പുകുത്താൻ തുടങ്ങി. ഇതോടെ പാർക്ക് അടച്ചുപൂട്ടലിന്റെ വക്കിലായി. ഫാം ടൂറിസത്തിന്റെ അനന്തസാദ്ധ്യതയ്ക്കും ക്ഷീര സ്വയംപര്യാപ്തതയ്ക്കും വേണ്ടി ഈ സ്വപ്നപദ്ധതി നിലനിറുത്തണമെന്നാണ് പൊതുവായ ആവശ്യം.
സ്വപ്ന പദ്ധതി
കേരളത്തിൽ പാലുത്പാദനം വർദ്ധിപ്പിക്കുക, ഗുണനിലവാരമുള്ള കന്നുക്കുട്ടികളെ ഉത്പാദിപ്പിച്ച് കർഷകന് നൽകുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഇവിടെ കിടാരി പാർക്ക് ആരംഭിച്ചത്. മുന്തിയയിനം കന്നുകാലികളുടെ ബീജം കുത്തിവച്ച് രോഗപ്രതിരോധശേഷി കൂടിയയിനം കിടാരികളെ ഉത്പാദിപ്പിച്ച് കർഷകന് സർക്കാരിന്റെ സബ്സിഡിയോടുകൂടി നൽകുകയായിരുന്നു ലക്ഷ്യം.
പുരസ്കാരങ്ങളും നേടി
100 പശുക്കളും 14 ജീവനക്കാരുമായി തുടങ്ങിയ ഇവിടെനിന്ന് അത്യുത്പാനശേഷിയുള്ള കിടാരികളെ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുകയും മികച്ച സഹകരണ സംഘത്തിനുളള അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ വാങ്ങുകയും ചെയ്തു. ഒപ്പം ഗോമൂത്രവും ചാണകവും സംസ്കരിച്ച് മൂല്യവർദ്ധിത വളങ്ങളാക്കി വില്പന നടത്തുകയും ചെയ്തിരുന്നു. ഇതിലൂടെ സാമ്പത്തിക ഭദ്രതയും കൈവരിച്ചിരുന്നു.
നിലവിലുള്ളത്
5 പശുക്കൾ
1 കാള
നഷ്ടത്തിലേക്ക് കൂപ്പുകുത്തി
അസംസ്കൃത തീറ്റയുടെ ഉപയോഗം, സമയബന്ധിതമായി പ്രത്യുത്പാദന നിരക്കിന്റെ കുറവ്,കൃത്യമായ മാർക്കറ്റിംഗ് അപാകത,പാർക്കിലേക്കുള്ള റോഡിന്റെ ശോചനീയാവസ്ഥ തുടങ്ങിയ കാരണങ്ങൾകൊണ്ട് കിടാരി പാർക്ക് പദ്ധതി നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ഇന്ന് 5 പശുക്കളും ഒരുകാളയുമാണുള്ളത്.
പ്രതികരണം:
കിടാരിപാർക്കിന്റെ ഉദ്ദേശ്യശുദ്ധി മനസിലാക്കിക്കൊണ്ട് ഇത് നിലനിറുത്തേണ്ടതിന്റെ ആവശ്യകതയേറെയാണ്. ഫാം ടൂറിസത്തിനും ഇത് ഗുണം ചെയ്യും.
ഷിബു കടയ്ക്കാവൂർ, സാമൂഹ്യപ്രവർത്തകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |