പുനലൂർ: കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭാര്യയെ പെട്രോൾ ഒഴിച്ച് തീവച്ച ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ചെമ്പനരുവി ശ്രീതങ്കത്തിൽ ഷെഫീക്ക് (32), ഭാര്യ ശ്രീതു (30) എന്നിവർക്കാണ് പൊള്ളലേറ്റത്. ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം.
പൊലീസ് പറയുന്നത്: ഷെഫീക്കും ശ്രീതുവും പ്രണയിച്ച് വിവാഹിതരായതാണ്. ഷെഫീക്ക് മദ്യപിച്ചെത്തി വീട്ടിൽ സ്ഥിരം പ്രശ്നങ്ങൾ ഉണ്ടാക്കുമായിരുന്നു. ഇത് സംബന്ധിച്ച് അച്ചൻകോവിൽ സ്റ്റേഷനിൽ ശ്രീതു പരാതി നൽകിയിരുന്നു. ഈ പരാതിയിൽ ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ ഇരുവരെയും സ്റ്റേഷനിൽ വിളിപ്പിച്ച് പ്രശ്നം ഒത്തുതീർപ്പാക്കി വിട്ടിരുന്നു.
വീട്ടിലെത്തിയ ഷെഫീക്ക് താൻ തന്റെ തടിക്കാട്ടിലേക്ക് പോവുകയാണെന്നും വസ്ത്രങ്ങളെല്ലാം എടുത്ത് നൽകണമെന്നും ശ്രീതുവിനോട് പറഞ്ഞ് കിടപ്പുമുറിയിലേക്ക് കയറി. ശ്രീതുവും പിന്നാലെ ചെന്നതോടെ മുറിയുടെ വാതിൽ കുറ്റിയിട്ട ശേഷം ജനാലയ്ക്ക് അടുത്ത് കുപ്പിയിൽ കരുതിവച്ചിരുന്ന പെട്രോൾ ശ്രീതുവിന്റെ ശരീരത്തിലേക്ക് ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. തൊട്ടുപിന്നാലെ ഷെഫീക്ക് തന്റെ ദേഹത്തും പെട്രോളൊഴിച്ച് തീകൊളുത്തി.
നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ അച്ചൻകോവിൽ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി. അച്ചൻകോവിൽ പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |