കല്ലറ: ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ കടലുകാണിപ്പാറ കാണാനെത്തുന്നവരെ കാത്തിരിക്കുന്നത് ഒഴിഞ്ഞ മദ്യക്കുപ്പികളും കുപ്പിച്ചില്ലും പൊട്ടിപ്പൊളിഞ്ഞ മൺപാതയുമാണ്. കടലുകാണി പദ്ധതിയുടെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ അനിശ്ചിതത്വത്തിലാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് രണ്ടാംഘട്ട വികസനത്തിനായി നിർവഹണ ഏജൻസിയെ നിശ്ചയിക്കാൻ ധാരണയായി അവലോകനയോഗം നടന്നത്. രണ്ട് കോടിയോളം രൂപ വികസനത്തിനായി അനുവദിച്ച് നിർവഹണ ഏജൻസിയെ നിശ്ചയിക്കുകയും ടെൻഡർ സ്വീകരിക്കുകയും ചെയ്തിരുന്നു.
വിനോദസഞ്ചാരത്തിന്റെ അനന്ത സാദ്ധ്യതകളുള്ള കടലുകാണിപ്പാറയെ അവഗണിക്കുന്നത് ചൂണ്ടിക്കാട്ടി കേരള കൗമുദി വാർത്ത നൽകിയിരുന്നു. ഇതേതുടർന്ന് പ്രദേശത്തിന്റെ ടൂറിസം സാദ്ധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്താനും കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനും ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിനായി ടൂറിസം വകുപ്പിന്റെ എംപാനൽഡ് ആർക്കിടെക്ടിനെ പ്രോജക്ട് തയ്യാറാക്കാൻ ചുമതലപ്പെടുത്തുകയും ഇവർ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭരണാനുമതിക്കായി വർക്കിംഗ് ഗ്രൂപ്പിന് മുമ്പായി സമർപ്പിക്കുമെന്നും ആ സാമ്പത്തികവർഷം പദ്ധതി ആരംഭിക്കുമെന്നും സബ്മിഷന് മറുപടിയായി അന്ന് ടൂറിസം മന്ത്രി പറയുകയും ഇതിന്റെ നിർമ്മാണ ഉദ്ഘാടനം നടത്തുകയും ചെയ്തിരുന്നു.
എന്നാൽ രണ്ടാം പിണറായി സർക്കാരിന്റെ കാലാവധി കഴിയാറായിട്ടും പ്രവർത്തനങ്ങൾ ഒന്നുമായില്ല.
കടലുകാണിപ്പാറ
സംസ്ഥാന പാതയിൽ കാരേറ്റ് നിന്നും 5 കിലോമീറ്റർ സഞ്ചരിച്ചാൽ പുളിമാത്ത് പഞ്ചായത്തിലെ താളിക്കുഴിക്കു സമീപം സ്ഥിതിചെയ്യുന്നു. കിഴക്ക് സഹ്യാദ്രിക്കും പടിഞ്ഞാറ് അറബിക്കടലിനും അഭിമുഖമായി ആനയുടെ ആകൃതിയിൽ പരസ്പരം തൊടാത്ത ആറ് കൂറ്റൻ പാറകളാണ് കടലുകാണിപ്പാറ. ഇവിടെ നിന്നാൽ അറബിക്കടൽ കാണാം. ഇവിടെ പാറയിൽ നിന്ന് 50 അടി താഴ്ചയിൽ ഒരു ഗുഹാക്ഷേത്രമുണ്ട്.
കടലുകാണിപ്പാറയുടെ സൗന്ദര്യം ആസ്വദിക്കാൻ നിരവധി പേരാണ് പ്രതിദിനം എത്തുന്നത്. ഒന്നാം ഘട്ടത്തിൽ ലക്ഷങ്ങൾ മുടക്കി പദ്ധതികൾ നടപ്പിലാക്കിയിരുന്നെങ്കിലും അശാസ്ത്രീയമായ നിർമ്മാണം കാരണം പലതും നശിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |