ഗുവാഹത്തി: ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ ആരോപണവുമായി ബാൻഡ് അംഗം ശേഖർ ജ്യോതി ഗോസ്വാമി. സിംഗപ്പൂരിലെ പരിപാടിയുടെ സംഘാടകൻ ശ്യാംകാനു മഹന്തയും ബാൻഡ് മാനേജർ സിദ്ധാർഥ് ശർമ്മയും വിഷം നൽകിയാണ് സുബിനെ കൊലപ്പെടുത്തിയത്. കുറ്റകൃത്യം മറച്ചുവയ്ക്കാൻ സിംഗപ്പൂർ തിരഞ്ഞെടുത്തുവെന്നും പൊലീസ് ചോദ്യം ചെയ്യലിനിടയിൽ ശേഖർ വെളിപ്പെടുത്തി. എന്നാൽ അസം പൊലീസ് മൊഴി സംബന്ധിച്ച വിവരങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഇൻകം ടാക്സ് വിഭാഗവും സുബീൻ ഗാർഗിന്റെ മരണത്തിലുള്ള അന്വേഷണത്തിൽ പങ്കുചേരുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസം അറസ്റ്റിലായ ശേഖർ നിലവിൽ അസം പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇവന്റ് മാനേജർ ശ്യാംകാനു മഹന്തക്കെതിരേ അന്വേഷണം വേണമെന്ന് സുബിന്റെ കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇയാൾക്കെതിരായുള്ള അനധികൃത സ്വത്തുസമ്പാദനവും കള്ളപ്പണം വെളുപ്പിക്കലും സംഘടിത കുറ്റകൃത്യങ്ങളിൽ പങ്കാളിയായതുമായി ബന്ധപ്പെട്ട കേസുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം, സുബിന്റെ മരണത്തിൽ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് അസം സർക്കാർ. ഗുവാഹത്തി ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയായ സൗമിത്ര സൈകി അദ്ധ്യക്ഷനായ സമിതിയാണ് അന്വേഷണം നടത്തുന്നത്.
38,000 ഗാനങ്ങൾ ആലപിച്ച സുബീൻ, സെപ്തംബർ 19നാണ് സിംഗപ്പൂരിൽ കടലിൽ സ്കൂബ ഡൈവിംഗിനിടെയുണ്ടായ അപകടത്തിൽ മരിച്ചത്. മൂന്ന് ദിവസങ്ങളിലായി ലക്ഷക്കണക്കിനാളുകളാണ് സുബീന് അന്ത്യാഞ്ജലി അർപ്പിച്ചു വിലാപയാത്രയിലും മറ്റും പങ്കെടുത്തത്. ആളെണ്ണത്തിൽ, ലോകം കണ്ട നാലാമത്തെ വിലാപയാത്രയായി ഇത് ലിംകബുക്കിൽ ഇടംപിടിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |