ന്യൂഡൽഹി: ചുമ മരുന്ന് കഴിച്ച് രണ്ടു കുട്ടികൾ മരിച്ചതിൽ ജനരോഷമുയർന്നതോടെ നടപടിയുമായി രാജസ്ഥാൻ. സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ രാജാറാം ശർമ്മയെ സസ്‌പെൻഡ് ചെയ്‌തു. ഡെക്‌സ്‌ട്രോമെത്തോർഫൻ അടങ്ങിയ 19 കഫ് സിറപ്പുകളുടെ വില്പന സംസ്ഥാനത്ത് നിരോധിച്ചു. സംഭവത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിനിടെ,രണ്ടു വയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമയ്‌ക്കും ജലദോഷത്തിനുമുള്ള മരുന്നുകൾ നൽകരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശമിറക്കി. മരുന്നില്ലാതെ മാറുമെന്ന് വിശദീകരിച്ചു. സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ആരോഗ്യ വകുപ്പുകൾക്കാണ് നിർദ്ദേശം.
വൃക്ക തകരാറിന്
കാരണമാകുന്ന വിഷവസ്‌തു
മദ്ധ്യപ്രദേശിൽ ചുമയ്‌ക്കുള്ള സിറപ്പ് കഴിച്ചതിനു പിന്നാലെ പനിയും വൃക്ക തകരാറും ബാധിച്ച് കഴിഞ്ഞദിവസങ്ങളിൽ 9 കുട്ടികൾ മരിച്ചിരുന്നു. പരിശോധനയിൽ കഫ് സിറപ്പിൽ 48.6% ഡൈ എഥിലീൻ ഗ്ലൈക്കോൾ (ഡി.ഇ.ജി) അടങ്ങിയതായി കണ്ടെത്തി. ഗുരുതരമായ വൃക്ക തകരാറിന് കാരണമാകുന്ന വിഷവസ്‌തുവാണിത്. തമിഴ്‌നാട്ടിലെ ശ്രീസൻ ഫാർമസ്യൂട്ടിക്കൽസ് കമ്പനി നിർമ്മിക്കുന്ന കോൾഡ്രിഫ് സിറപ്പാണെന്ന് വ്യക്തമായി. തുടർന്ന് ഈ മരുന്ന് തമിഴ്നാടും നിരോധിച്ചു. 2022ൽ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗാംബിയയിൽ 70ഓളം കുട്ടികൾ മരിച്ചത് ഡി.ഇ.ജി അടങ്ങിയ ഇന്ത്യൻ നിർമ്മിത സിറപ്പുകൾ കാരണമാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |