ന്യൂഡൽഹി: നവംബറിൽ നടക്കുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിലും ജെ.പി. നദ്ദ ബി.ജെ.പിയെ നയിക്കുമെന്ന് റിപ്പോർട്ട്. ആർ.എസ്.എസ് സമ്മർദ്ദത്തെ തുടർന്ന് സമവായ ചർച്ചകൾ എങ്ങുമെത്താത്ത സാഹചര്യത്തിൽ ഇക്കൊല്ലം അവസാനം വരെ നദ്ദ തുടർന്നേക്കും. ബീഹാർ തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മിഷൻ ഉടൻപ്രഖ്യാപിക്കും.
ആർ.എസ്.എസുമായുള്ള ഭിന്നതയാണ് പുതിയ അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് തീരുമാനം നീളാൻ കാരണമെന്ന റിപ്പോർട്ടുകളുമുണ്ട്. തങ്ങളെ ഏല്പിച്ചിരുന്നെങ്കിൽ തീരുമാനം പെട്ടെന്നുണ്ടാകുമായിരുന്നുവെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് പ്രസ്‌താവിച്ചിരുന്നു. മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ ശിവ്‌രാജ് സിംഗ് ചൗഹാനോട് ആർ.എസ്.എസിന് താത്‌പര്യമുണ്ട്. കേന്ദ്രമന്ത്രിമാരായ മനോഹർ ലാൽ ഖട്ടർ, ധർമ്മേന്ദ്ര പ്രധാൻ, ഭൂപേന്ദ്ര യാദവ്, പ്രഹ്ളാദ് ജോഷി, ജി. കിഷൻ റെഡ്ഡി, ജനറൽ സെക്രട്ടറി സുനിൽ ബൻസൽ തുടങ്ങിയവരുടെ പേരുകളും അതിൽ ഉഭൾപ്പെടുന്നു.
2020ൽ ചുമതലയേറ്റ നദ്ദയുടെ കാലാവധി 2023 അവസാനിച്ചെങ്കിലും 2024ലെ പൊതു തിരഞ്ഞെടുപ്പ് വരെ കാലാവധി നീട്ടി. തിരഞ്ഞെടുപ്പിന് ശേഷം പുതിയ അദ്ധ്യക്ഷൻ വരുമെന്ന കണക്കുകൂട്ടലിലാണ് അദ്ദേഹത്തെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതും. യുവ വോട്ടർമാരെ ആകർഷിക്കാൻ കഴിയുന്ന നേതാവിനെ കൊണ്ടുവന്ന് തലമുറ മാറ്റത്തിന് നരേന്ദ്ര മോദിയും അമിത് ഷായും പദ്ധതിയിടുന്നുണ്ട്. ഉപരാഷ്‌ട്രപതി പദത്തിൽ ഒ.ബി.സി നേതാവിനെ കൊണ്ടു വന്നതിനാൽ ആർ.എസ്.എസിനെ തൃപ്‌തിപ്പെടുത്താൻ അദ്ധ്യക്ഷ പദത്തിൽ സവർണ പ്രാതിനിധ്യത്തിന് സാദ്ധ്യതയേറെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |