ആറ്റിങ്ങൽ: സ്ത്രീ ശാക്തീകരണ ലക്ഷ്യത്തോടെ ആറ്റിങ്ങൽ നഗരസഭയിൽ വനിതകളെ സ്വയം പ്രാപ്തിയിലേക്ക് എത്തിക്കാൻവേണ്ടി ആരംഭിച്ച വനിതാവ്യവസായ കേന്ദ്രത്തിന് പൂട്ടുവീണിട്ട് 20 വർഷം.
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ആദ്യമായി വനിതാ വ്യവസായ കേന്ദ്രത്തിന് തുടക്കംകുറിച്ചത് 2004ൽ ആറ്റിങ്ങലിലായിരുന്നു. ആറ്റിങ്ങൽ കൃഷി ഓഫീസിനോടു ചേർന്ന് പുതിയ കെട്ടിടത്തിൽ യൂണിറ്റ് പ്രവർത്തനം തുടങ്ങി. ആദ്യഘട്ടത്തിൽ അൻപതിൽപ്പരം വനിതകൾക്ക് തൊഴിൽ പരിശീലനവും സ്ഥിരമായ തൊഴിലും നൽകിയാണ് വനിതാവ്യവസായ കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിച്ചത്. ആദ്യം നല്ലനിലയിൽ പ്രവർത്തിച്ച കേന്ദ്രം പിന്നീട് തകരുകയായിരുന്നു.
ഉത്പന്നങ്ങൾ പലത്
ഇരുപതിൽപ്പരം തയ്യൽ മെഷീനുകളും വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ തയ്യൽപരിശീലനം, പേപ്പർ ബാഗുകൾ, തുണിസഞ്ചി, കരകൗശല വസ്തുക്കളുടെ നിർമ്മാണവും വിതരണവും, വില്പനയും ആരംഭിച്ചു. കുറഞ്ഞ വിലയ്ക്ക് മികച്ച ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ വ്യവസായ കേന്ദ്രത്തിൽ നിന്നും വ്യവസായിക അടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കാൻ തുടങ്ങി.
ഉയർച്ചയിൽ നിന്ന് പതനത്തിലേക്ക്
ആറ്റിങ്ങലിലെ വനിതാ വ്യവസായ കേന്ദ്രത്തിന്റെ വിജയകരമായ പ്രവർത്തനം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കാൻ തുടങ്ങി. ആറ്റിങ്ങൽ ബ്രാൻഡ് ഉത്പന്നങ്ങളെ തേടി പലരും വനിതാ വ്യവസായ കേന്ദ്രത്തിലേക്ക് വന്നു. തുണിസഞ്ചികളും പേപ്പർ ബാഗുകളും പുറത്തുള്ള വ്യാപാരസ്ഥാപനങ്ങളിലേക്ക് കയറ്റിവിടുകയും ചെയ്തു. പ്ലാസ്റ്റിക്മുക്ത ആറ്റിങ്ങൽ എന്ന ക്യാമ്പയിനിന്റെ ഭാഗമായി ആറ്റിങ്ങൽ നഗരസഭയിലെ വ്യാപാര സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക് കവറുകൾ ഉപേക്ഷിച്ച് പേപ്പർ കവറുകളിലേക്കും തുണിസഞ്ചികളിലേക്കും കടന്നു. വനിതാ വ്യവസായ കേന്ദ്രത്തിലെ ഉത്പാദനവും വർദ്ധിച്ചു. ഇതോടെ കേന്ദ്രത്തിലെ വനിതാജീവനക്കാരുടെ എണ്ണം അൻപതിൽ നിന്ന് നൂറിലേക്ക് ഉയർന്നു.
നൂറുകണക്കിന് സ്ത്രീകൾക്ക് സ്ഥിരവരുമാനം നൽകിക്കൊണ്ടും വനിതാവ്യവസായ കേന്ദ്രം മികച്ച രീതിയിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്ന സമയത്ത് ഭരണസമിതിയുടെ കാലാവധി അവസാനിച്ചു. തുടർന്നുവന്ന ഭരണസമിതി വനിതാ വ്യവസായ കേന്ദ്രത്തെ പാടെ അവഗണിച്ചു. ഇതോടെ കേന്ദ്രത്തിന്റെ ദുരിതവും തുടങ്ങി.
യന്ത്രങ്ങൾ നശിക്കുന്നു
നിർമ്മാണത്തിന് ആവശ്യമായ പല അസംസ്കൃത വസ്തുക്കളും സംഭരിക്കാൻ ഭരണസമിതിക്ക് കഴിഞ്ഞില്ല. വ്യവസായ കേന്ദ്രത്തിലെ ഉത്പാദനം ഗണ്യമായി കുറഞ്ഞു. ഓരോ യൂണിറ്റുകളും ഘട്ടം, ഘട്ടമായി നിറുത്തലാക്കി. 2007ഓടെ വനിതാ വ്യവസായ കേന്ദ്രത്തിന് പൂട്ടു വീണു.ഇപ്പോൾ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന യന്ത്രസാമഗ്രികൾ പൊടിപിടിച്ച് നശിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |