മുടപുരം: കിഴുവിലം പ്രാഥമികാരോഗ്യ കേന്ദ്രം സർക്കാർ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി പുതിയ ജീവനക്കാരെ നിയമിച്ചതും ചികിത്സാസൗകര്യം മെച്ചപ്പെടുത്തിയതും നാട്ടുകാർക്ക് ആശ്വാസമാകുന്നു. വി.ശശി എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ വിനിയോഗിച്ച് പുതിയമന്ദിരം നിർമ്മിക്കുകയും എൻ.എച്ച്.എം ഫണ്ടായ 15 ലക്ഷം രൂപ ഉപയോഗിച്ച് അനുബന്ധ നിർമ്മാണ പ്രവർത്തനവും നടത്തി. തുടർന്ന് ഒ.പി വിഭാഗം പുതിയ മന്ദിരത്തിലേക്ക് മാറ്റി. ഒരു മെഡിക്കൽ ഓഫിസർ,ഒരു നഴ്‌സിംഗ് ഓഫിസർ,ഒരു ലാബ് ടെക്‌നീഷ്യൻ എന്നീ പുതിയ തസ്തികകൾ സൃഷ്ടിക്കുകയും നഴ്‌സിംഗ് ഓഫീസർ ഒഴികെയുള്ള ജീവനക്കാരെ നിയമിക്കുകയും ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ.പി.എസ്.പദ്മപ്രസാദ്, വി.ശശി എം.എൽ.എയ്ക്ക് നിവേദനം നൽകിയിട്ടുണ്ട്. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ 5 സബ്‌സെന്ററുകൾ ആവശ്യമാണ്.
ഇനിയും ആവശ്യങ്ങളേറെ
കൂടുതൽ സൗകര്യം മെച്ചപ്പെടുത്തേണ്ടതുണ്ട്. ഗ്രാമ പഞ്ചായത്തിന്റെ 8 ലക്ഷം വിനിയോഗിച്ച് പുതിയ പ്രവേശന കവാടവും ചുറ്റു മതിലും നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്. ചുറ്റുമതിൽ ഇല്ലാത്തതിനാൽ സാമൂഹ്യ വിരുദ്ധരുടെയും തെരുവുനായ്ക്കളുടെയും ശല്യവുമുണ്ട്. ഹെൽത്ത് ഗ്രാന്റ് ഉപയോഗിച്ചാണ് പുതിയ ലാബ് സജ്ജമാക്കിയിരിക്കുന്നത്. ഉദ്‌ഘാടനം അടുത്ത ആഴ്ച നടക്കും. പഞ്ചായത്തിന്റെ 15 ലക്ഷം രൂപ വിനിയോഗിച്ച് പഴയ കെട്ടിടത്തിന്റെ മുകളിൽ ഷീറ്റ് പാകുകയും ആംബുലൻസ് ഷെഡ് നിർമ്മിക്കുകയും ടോയ്ലെറ്റ് നിർമ്മിക്കുകയും ചെയ്തു. രണ്ട് മെഡിക്കൽ ഓഫീസർമാർ,ഫീൽഡ് സ്റ്റാഫുൾപ്പടെ 15 ജീവനക്കാരുണ്ട്. ആശുപത്രിമുൻവശം ഇന്റർലോക്ക് പാകുകയും പോളികാർബണേറ്റ് ഷീറ്റ് പാകി നിലവിലുള്ള കാത്തിരുപ്പു കേന്ദ്രത്തിനു വിസ്തൃതി കൂട്ടണമെന്നും ആവശ്യം ഉയരുന്നു. കിണർ നവീകരിക്കേണ്ടതുണ്ട്.ആശുപത്രിപ്രധാന വാതിൽ പൂർണമായും ഗ്ലാസ് നിർമ്മിതമായതിനാൽ ഇരുമ്പ് ഗ്രിൽ സ്ഥാപിക്കണമെന്നും ആവശ്യമുണ്ട്.
ചികിത്സാസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി കൂടുതൽ തുക ലഭ്യമാക്കുന്നതിന് ജനപ്രതിനിധികളെ സമീപിക്കും. അഡ്വ.ആർ.ശ്രീകണ്ഠൻ നായർ,
കിഴുവിലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |