കെട്ടിടത്തിൽ കുടിവെള്ളമില്ലെന്ന്
ചിറയിൻകീഴ്: മുതലപ്പൊഴിയിൽ നിർമ്മിച്ച ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ സഞ്ചാരികൾക്കായി തുറന്നുകൊടുക്കാത്തതിൽ വ്യാപക പ്രതിഷേധം. മുതലപ്പൊഴിയിലെത്തുന്ന സഞ്ചാരികൾ അടിസ്ഥാന സൗകര്യമില്ലാതെ വലയുമ്പോഴാണ് ഒന്നരവർഷം മുൻപ് നിർമ്മാണം പൂർത്തിയാക്കിയ ഈ ഉല്ലാസ കേന്ദ്രം തുറക്കാതിരിക്കുന്നത്. ഇന്ന് ഇവിടെ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറി.
നൂറുകണക്കിന് സഞ്ചാരികളാണ് മുതലപ്പൊഴിയിലെത്തുന്നത്. അടിസ്ഥാന സൗകര്യങ്ങളില്ലാതെ സഞ്ചാരികൾ വലയുമ്പോഴാണ് കെട്ടിടം അടഞ്ഞുകിടക്കുന്നത്. ലഹരികടത്തുകാരുടെ ഒളിയിടമായി ടൂറിസ്റ്റ് ഫെലിസിറ്റേഷൻ സെന്റർ മാറുന്നതായും പരാതിയുണ്ട്.
ഹാർബർ എൻജിനിയറിംഗ് വകുപ്പ് അറ്റകുറ്റപണി പൂർത്തിയാക്കി വീണ്ടും കൈമാറിയാൽ ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് കെട്ടിടമേറ്റെടുക്കാൻ തയ്യാറാണെന്ന് അറിയിച്ചിരുന്നു.ഇതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടു പോകുമെന്ന് ഹാർബർ വകുപ്പും പറയുന്നു. പക്ഷെ പ്രവർത്തനം ആരംഭിച്ചാൽ ലഭിക്കുന്ന വരുമാനം സംബന്ധിച്ചുള്ള തീരുമാനം എങ്ങുമെത്താത്തതിനാൽ പദ്ധതിയും നീണ്ടുപോവുകയാണ്.എത്രയും വേഗം സെന്റർ തുറന്ന് പ്രവർത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഫെസിലിറ്റേഷൻ സെന്ററിൽ കുടിവെള്ള സൗകര്യമൊരുക്കാത്തതും മന്ദിരത്തിന് പഞ്ചായത്തിൽ നിന്ന് കെട്ടിടനമ്പർ ലഭിക്കാത്തതുമാണ് തുറന്നുനൽകുന്നതിന് തടസമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ ഉദ്യോഗസ്ഥതലത്തിലുളള അനാസ്ഥയും അലംഭാവവുമാണ് മന്ദിരം തുറക്കുന്നതിന് തടസമായി നിൽക്കുന്നതെന്ന വാദവും ശക്തമാണ്.
നിർമ്മാണത്തിന് ചെലവഴിച്ചത് - 3 കോടി രൂപ
അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാന ടൂറിസം വകുപ്പ് അനുവദിച്ച ഫണ്ട്
സെന്ററിലുള്ളത്
കുട്ടികൾക്കുള്ള കളിസ്ഥലം,കഫ്റ്റീരിയ,ഓപ്പൻ ഓഡിറ്റോറിയം,ടിക്കറ്റ് കൗണ്ടർ,ഇരിപ്പിടങ്ങൾ,ടോയ്‌ലെറ്റുകൾ
2020ൽ കടകംപള്ളി സുരേന്ദ്രൻ ടൂറിസം മന്ത്രിയായിരിക്കെയാണ് ഈ പദ്ധതിക്ക് തറക്കല്ലിട്ടത്.ഹാർബർ എൻജിനിയറിംഗ് വകുപ്പിന്റെ മേൽനോട്ടത്തിൽ ബികോൺസ് സൊസൈറ്റിക്കായിരുന്നു നിർമ്മാണച്ചുമതല. 2024 ജനുവരിയിൽ നിർമ്മാണ പൂർത്തിയാക്കി.
നിലവിലെ അവസ്ഥ
മതിയായ സുരക്ഷയും അറ്റകുറ്റപ്പണിയുമില്ലാത്തതിനാൽ കടൽക്കാറ്റേറ്റ് കെട്ടിടത്തിലുള്ള ഇരുമ്പ് ഭാഗങ്ങൾ തുരുമ്പിച്ച അവസ്ഥയിലാണ്. ചുറ്റുമതിലിന്റെ വാതിലും ചെറിയ കടമുറികളുടെ കതകുകളും വൈദ്യുതീകരണ സംവിധാനമുൾപ്പെടെയുള്ളവയും നശിച്ചു. മുൻവശത്തെ പ്രധാന വാതിലും അക്രമികൾ അടിച്ചുനശിപ്പിച്ച അവസ്ഥയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |