ശാന്തൻപാറ: പട്ടാപ്പകൾ യുവതിയുടെ കൈയിൽനിന്ന് പണം പിടിച്ചുപറിച്ച് സ്‌കൂട്ടറിൽ രക്ഷപ്പെട്ട പ്രതിയെ ശാന്തൻപാറ പൊലീസ് പിടികൂടി. ചൊവ്വാഴ്ച വൈകിട്ട് മൂന്നോടെ ചിന്നക്കനാലിലെ ഒരു ധനകാര്യ സ്ഥാപനത്തിൽനിന്ന് പണയസ്വർണം എടുക്കാനായി ഓട്ടോറിക്ഷയിൽ വന്ന യുവതിയുടെ കൈയിൽനിന്ന് 30000 രൂപ അടങ്ങിയ പഴ്‌സ് പിടിച്ചുപറിച്ച് സ്‌കൂട്ടറിൽ രക്ഷപ്പെട്ട പ്രതിയെയാണ് ശാന്തൻപാറ പൊലീസിന് തേനിയിൽനിന്ന് പിടികൂടിയത്. തൃക്കാക്കര ഇടപ്പിള്ളികരയിൽ ഇലവുങ്കൽ വീട്ടിൽ ആരിഷാണ് (39) അറസ്റ്റിലായത്. ഓട്ടോറിക്ഷയുടെ സൈഡിലിരുന്ന യുവതിയുടെ കൈയിൽ നിന്ന് പണമടങ്ങിയ പഴ്‌സ് പിടിച്ചുപറിക്കുകയായിരുന്നു.
സംഭവം നടന്ന ഉടനെ ശാന്തൻപാറ പൊലീസിനെ യുവതി വിവരം അറിയിച്ചു. സി.സി ടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് പൊലീസ് പ്രതിയെ കണ്ടെത്തുകയായിരുന്നു. നഷ്ടപ്പെട്ട പണത്തിലെ 26000 രൂപയും പ്രതിയിൽനിന്ന് വീണ്ടെടുത്തു. മൂന്നാർ ഡിവൈ.എസ്.പി അലക്‌സ് ബേബി, ശാന്തൻപാറ ഇൻസ്‌പെക്ടർ ശരത്‌ലാൽ എന്നിവരുടെ നിർദ്ദേശാനുസരണം എസ്.ഐ ഹാഷിം, എ.എസ്.ഐ സുരേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ജിഷ്ണു, അരുൺ, പ്രതീഷ് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് തമിഴ്‌നാട്ടിൽനിന്ന് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |