ശംഖുംമുഖം: ചുറ്റുമതിലിന് പുറത്തുനിന്ന് ഫോട്ടോയെടുക്കാനും പട്ടം, ഡ്രോൺ എന്നിവ പറത്താനും പാടില്ലെന്ന് കാണിച്ച് വിമാനത്താവളത്തിന്റെ ചുറ്റുമതിലിൽ മുന്നറിയിച്ച് ബോർഡുകൾ സ്ഥാപിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ തകരാറിലായി കിടന്ന ബ്രിട്ടീഷ് യുദ്ധവിമാനം പാർക്കിംഗ് ബേയിൽ നിന്ന് ഹാംഗറിലേക്ക് കെട്ടിവലിച്ച് കൊണ്ടുപോകുന്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് നടപടി. വിമാനത്താവളത്തിന്റെ ചുറ്റുമതിലിന് പുറത്തുനിന്നാണ് ചിത്രങ്ങളെടുത്തതെന്നും സുരക്ഷാപാളിച്ചയാണെന്നും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് നൽകിയിരുന്നു.
വിമാനത്താവളത്തിന്റെ പരിധിയിയിൽ പട്ടവും ബലൂണുകളും പറത്താൻ പാടില്ലെന്ന് ജില്ലാകളക്ടർ നേരത്തെ ഉത്തരവ് ഇറക്കിയിട്ടുണ്ടങ്കിലും നടപടികൾ ഫലപ്രദമായിരുന്നില്ല. ദിവസങ്ങൾക്ക് മുമ്പ് വിമാനം ലാൻഡിംഗിന് എത്തുന്നതിനിടെ പട്ടം പറത്തിക്കൊണ്ടിരുന്ന നൂല്‍ റൺവേയുടെ മുകളിൽ കണ്ടതോടെ വിമാനം തിരിച്ചുവിട്ടിരുന്നു. ഇതിനുപിന്നാലെ ഒരു ടോയി ഡ്രോണും വിമാനത്താവളത്തിനുള്ളിൽ കണ്ടെത്തിയിരുന്നു. എന്നാലിതുവരെ എങ്ങനെ റൺവേയിലെത്തിയെന്ന് കണ്ടെത്താനായിട്ടില്ല.
വിമാനത്താവളത്തിന് പുറത്ത് പൊലീസ് പരിശോധനകളില്ലാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. വിമാനത്താവളത്തിന്റെ പുറത്തുള്ള സുരക്ഷ നിലവിൽ സിറ്റിസൈഡ് സെക്യൂരിറ്റിയെന്ന പേരിൽ ലോക്കൽ പൊലീസിനാണുള്ളത്. എന്നാൽ, പേരിനുപോലും പരിശോധനകളില്ലാത്തതിനാൽ പട്ടവും ബലൂണുകളും സ്ഥിരമായി വിമാനങ്ങളുടെ ലാൻഡിംഗിനും ടേക്ക് ഓഫീനും തടസങ്ങൾ സൃഷ്ടിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |