തിരുവനന്തപുരം: മനുഷ്യന്റെ അവസ്ഥകളും ഭാവങ്ങളും പരിണാമങ്ങളുടെ വിവിധ മുഖങ്ങളിലാക്കിയ വരകളുടെ വിസ്മയം ബി.ഡി.ദത്തന്റെ 'പരിണാമം 101" എന്ന ചിത്രപ്രദർശനം തുടങ്ങി. സമകാലിക ലോകത്തെ സങ്കീർണതകളും മനുഷ്യന്റെ സ്വാർത്ഥമായ അവസ്ഥയുമെല്ലാം ചൂണ്ടിക്കാട്ടുന്ന ക്യാൻവാസുകളാണ് വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ ലളിതകലാ ആർട്ട് ഗ്യാലറിയിൽ ദത്തൻ സജ്ജമാക്കിയിരിക്കുന്നത്.
കറുപ്പും വെളുപ്പും നിറങ്ങളും ഉപയോഗിച്ചുള്ള ചിത്രങ്ങളിൽ സംഘർഷം, ദുഃഖം, രോഷം, ആർത്തി തുടങ്ങിയ വിവിധ ഭാവങ്ങളുണ്ട്. ഓരോ ശില്പത്തിന്റെയും അരികുകൾ ചെത്തി പുതിയ ഭാവത്തിലെത്തിക്കുന്നത് പോലെ ഓരോ ചിത്രങ്ങളിൽ നിന്ന് പരിവർത്തനം ചെയ്ത പരിണാമ രൂപങ്ങളാണ് താൻ ക്യാൻവാസിലാക്കിയതെന്ന് ആർട്ടിസ്റ്റ് ദത്തൻ പറഞ്ഞു. ഇനിയും പരിവർത്തനങ്ങളും പരിണാമവും തുടരുകയും ചെയ്യും.
ആഗസ്റ്റ് 20 വരെ നീണ്ടുനിൽക്കുന്ന ചിത്രപ്രദർശനം അഡ്വ.വി.കെ.പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിരവധി ആളുകളെ ചിത്രകല അഭ്യസിപ്പിക്കുകയും തലമുറകൾക്ക് മാർഗദർശിയുമായ ബി.ഡി.ദത്തന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിനും ചിത്രകല പ്രോത്സാഹിപ്പിക്കുന്നതിനുമായി ജവഹർ ബാലഭവനിൽ ഒരു സ്ഥിരം ആർട്ട് ഗ്യാലറി സജ്ജമാക്കുന്നതിന് പരിശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ ആധുനിക ചിത്രകലയെ ജനകീയമാക്കിയ ചിത്രകാരനാണ് ബി.ഡി.ദത്തനെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ് പറഞ്ഞു. ആസുരമായ കാലത്തിന്റെ ച്യുതികൾ വെളിപ്പെടുത്തുന്ന ചിത്രങ്ങളിൽ ജാതി, മതം, നിറം എന്നി വിവേചനങ്ങൾക്കെതിരേ കലാപം ഉയർത്തുകയാണ് ദത്തൻ എന്നും അദ്ദേഹം പറഞ്ഞു.
ചലച്ചിത്ര സംവിധായകൻ നേമം പുഷ്പരാജ്, പി.ആർ.എസ് ഗ്രൂപ്പ് ചെയർമാൻ ആർ.മുരുകൻ, കെ.സി.ചന്ദ്രഹാസൻ (കേരള ട്രാവൽസ്), ആർട്ടിസ്റ്റ് ബി.ഡി.ദത്തൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |