മാവേലിക്കര : ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനും കാമുകിക്കും ജീവപര്യന്തം ശിക്ഷ. നൂറനാട് സ്വദേശിനി അമ്പിളിയെ കൊലപ്പെടുത്തിയ കേസിലാണ് ഒന്നാം പ്രതിയായ ഭർത്താവ് പാലമേൽ മറ്റപ്പള്ളി ഉളവുകാട്ട് ആദർശ് ഭവനിൽ സുനിൽകുമാർ (44), രണ്ടാംപ്രതിയും കാമുകിയുമായ പാലമേൽ മറ്റപ്പള്ളി ഉളവുകാട്ട് ശ്രീരാഗ് ഭവനത്തിൽ ശ്രീലത എന്നിവരെ മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി പി.ശ്രീദേവി ശിക്ഷിച്ചത്. ജീവപര്യന്തം കഠിനതടവും 50,000 രൂപ വീതം പിഴയുമാണ് ശിക്ഷ.
കാമുകിയോടൊപ്പം ജീവിക്കാനായി സുനിൽകുമാർ ഭാര്യ അമ്പിളിയെ ദേഹോപദ്രവമേൽപ്പിച്ച് ബോധം കെടുത്തി പ്ലാസ്റ്റിക് കയറുകൊണ്ട‌് കഴുത്തിൽ കുരുക്കിട്ട് വീടിനുള്ളിൽ കെട്ടിത്തൂക്കുകയായിരുന്നു. ശ്രീലതയുടെ പ്രേരണയാലാണ് കൃത്യം നടത്തിയതെന്ന് കോടതി കണ്ടെത്തി. പ്രതികൾ പിഴത്തുക അടച്ചില്ലെങ്കിൽ 6 മാസം കൂടി കഠിനതടവ് നൽകും. പിഴത്തുക അമ്പിളിയുടെ രണ്ട് കുട്ടികൾക്കുമായി വീതിച്ച് നൽകണം.
നൂറനാട് എസ്.ഐ ആയിരുന്ന ബി.ബിജു രജിസ്റ്റർ ചെയ്ത് കുറ്റപത്രം ഹാജരാക്കിയ കേസ് മാവേലിക്കര സി.ഐ പി.ശ്രീകുമാറാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനായി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സന്തോഷ് കുമാർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |