തിരുവനന്തപുരം: മലയാളത്തിന്റെ അനശ്വര സിനിമ ചെമ്മീന് ഇന്നലെ 60 വയസ് പൂർത്തിയായപ്പോൾ അന്ന് വിസ്മയമൊരുക്കിയവരും അവരുടെ പിൻതലമുറയിലുള്ളവരും ഓർമ്മകളുമായി ഒത്തുകൂടി. ചിത്രത്തിൽ പഞ്ചമിയായി വേഷമിട്ട ലത രാജു,നടി നിലമ്പൂർ ആയിഷ എന്നിവരും നടൻ സത്യന്റെ മകൻ സതീഷ് സത്യൻ,വയലാർ രാമവർമ്മയുടെ മകൻ വയലാർ ശരത്ചന്ദ്ര വർമ്മ, കൊട്ടാരക്കര ശ്രീധരൻ നായരുടെ മകൾ ഷൈല നായർ, എസ്.എൽ.പുരത്തിന്റെ മകൻ ജയസോമ,നിലമ്പൂർ ആയിഷയുടെ ചെറുമകൻ സുനിൽ ബാബു എന്നിവരും കുടുംബാഗങ്ങളുമാണ് ഒത്തുചേർന്നത്.60 വർഷത്തിന് മുമ്പ് തകഴി ശിവശങ്കരപിള്ള എഴുതിയ നോവൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഹിറ്റായതിന്റെ വിസ്മയമാണ് ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും പറയാനുണ്ടായിരുന്നത്. 18 വയസ് മാത്രമുണ്ടായിരുന്ന നിർമ്മാതാവ് കൺമണി ബാബു ഏറ്റെടുത്ത വെല്ലുവിളിയെ കുറിച്ച് പറഞ്ഞ അവർ, ചെമ്മീനും അതിന്റെ പിന്നണി പ്രവർത്തകരും പ്രശസ്തി നേടിയപ്പോൾ കൺമണി ബാബുവിന് വേണ്ടത്ര പ്രാധാന്യം കിട്ടിയില്ലെന്നും ചൂണ്ടിക്കാട്ടി.പാളയം സത്യൻ സ്മാരകത്തിൽ സംഘടിപ്പിച്ച ചടങ്ങ് മുൻ എം.പി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ അദ്ധ്യക്ഷത വഹിച്ചു.ചലച്ചിത സംവിധായകൻ വി.ആർ.ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. അരുൺ നമ്പീശൻ,വയലാർ വിനോദ് എന്നിവർ സംസാരിച്ചു.രാമു കാര്യാട്ടിന്റെ മരുമകനും നടനുമായ ദേവനും സംഗീത സംവിധായകൻ സലിൽ ചൗധരിയുടെ മകൾ അന്തര ചൗധരിയും വീഡിയോയിലൂടെ ആശംസകൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |