ശംഖുംമുഖം: ലഗേജിനുള്ളിൽ ബോംബുണ്ടെന്ന് പറഞ്ഞ് ഭീതി പരത്തിയ വിമാന യാത്രക്കാരൻ പിടിയിൽ. എറണാകുളം കടവന്ത്ര സ്വദേശിയായ ആനന്ദ് രാമകൃഷ്ണനാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിലായത്. ഇന്നലെ രാവിലെ തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാൾ.ടെർമിനലിനുള്ളിൽ പ്രവേശിച്ച് ലഗേജുകൾ പരിശോധനയ്ക്ക് ഇട്ടു. സുരക്ഷ പരിശോധയുടെ ഭാഗമായി വിമാനത്തിൽ കയറുന്നതിന് തൊട്ട് മുൻപുള്ള സെക്കൻഡറി സുരക്ഷാ പരിശോധനയിൽ എയർലൈൻസ് അധികൃതരോട് ലഗേജിനുള്ളിൽ രണ്ട് കത്തിയും ബോംബുമുണ്ടെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ പരിഭ്രാന്തരായ എയർലൈൻസ് അധികൃതർ വിമാനത്താവളത്തിന്റെ സുരക്ഷാച്ചുമതലയുള്ള സി.ഐ.എസ്.എഫ് അധികൃതരെ വിവരമറിയിച്ചു. ഡോഗ് സ്‌ക്വാഡ് ഉൾപ്പെടെയുള്ള സംഘം വിമാനത്തിന്റെ സമീപത്ത് കുതിച്ചെത്തി ലഗേജുകൾ പരിശോധിച്ചെങ്കിലും സംശാസ്പദമായൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല.അതീവ സുരക്ഷ മേഖലയിൽ വിമാനത്താവളത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ പരിഭ്രാന്തി സൃഷ്ടിച്ചതിനെ തുടർന്ന് എയർലൈൻസ് പരാതി നൽകിയതിനെ തുടർന്ന് വലിയതുറ പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. പിന്നീട് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |