തിരുവനന്തപുരം: വിഴിഞ്ഞം-നാവായിക്കുളം ഔട്ടർറിംഗ് റോഡിന്റെ അലൈൻമെന്റ് മാറ്റണമെന്ന ആവശ്യവുമായി ദേശീയപാത അതോറിട്ടി. അത് അപ്രയോഗികമാണെന്ന നിഗമനത്തിലേക്ക് സംസ്ഥാന സർക്കാർ എത്തിയതോടെ നിർദ്ദിഷ്ട ഔട്ടർ റിംഗ് റോഡ് പദ്ധതി തുലാസിലായിരിക്കുകയാണ്.
മലപ്പുറത്ത് കൂരിയാട് ദേശീയപാത 66 ഇടിഞ്ഞ് തകർന്നതിനുശേഷം, അശാസ്ത്രീയമായി കുന്നിടിച്ചും പാടം നികത്തിയും ദേശീയപാത നിർമ്മിക്കുന്നത് അപകടങ്ങൾക്കിടയാക്കുന്നുവെന്ന വിമർശനമുയർന്നതോടെയാണ് ഔട്ടർ റിംഗ് റോഡിന്റെ അലൈൻമെന്റ് പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാർ ദേശീയപാത അതോറിട്ടിക്ക് നിർദേശം നൽകിയത്.
ഔട്ടർ റിംഗ് റോഡ് കടന്നുപോകുന്ന മിക്ക താലൂക്കിലും കുന്നുകൾ കുറുകെ കീറിമുറിച്ച് നിർമ്മാണം വേണ്ടിവരുമെന്നാണ് ദേശീയപാത അതോറിട്ടി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെ റോഡ് നിർമ്മിച്ചാൽ വീണ്ടും മണ്ണിടിച്ചിൽ പോലുള്ള അപകടമുണ്ടാക്കുമെന്നാണ് സംശയം.നിലവിലെ അലൈൻമെന്റിന്റെ ഭാഗമായ തേക്കട – നാവായിക്കുളം റീച്ചിൽ വലിയ കുന്നുകൾ ഇടിച്ചുനിരത്തി പാത പണിയേണ്ടി വരും.ഇത് പരിസ്ഥിതിയാഘാതമുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് ദേശീയപാത അതോറിട്ടി.
പ്രതിസന്ധിയിലായത്
ഭൂവുടമകൾ
നിലവിലെ അലൈൻമെന്റ് പ്രകാരം 100 ഹെക്ടർ ഭൂമിയേറ്റെടുത്ത് ദേശീയപാത അതോറിട്ടി നേരത്തെ വിജ്ഞാപനം ചെയ്തിരുന്നു.ഈ ഭൂമിയുടെ രേഖകളെല്ലാം ഉടമകൾ ദേശീയപാത അതോറിട്ടിക്ക് കൈമാറി,നഷ്ടപരിഹാരം പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് പദ്ധതി തന്നെ തുലാസിലാകുന്നത്.ഇതോടെ ഭൂവുടമകൾ പ്രതിസന്ധിയിലായിരിക്കുകയാണ്.
2 വർഷത്തിലധികമായി ഭൂമി കൈമാറ്റം ചെയ്യാനോ പണയപ്പെടുത്താനോ കഴിയാതെ ആയിരക്കണക്കിന് ഭൂവുടമകളാണ് സാമ്പത്തിക പ്രതിസന്ധിയിലായത്
ഏറ്റെടുത്ത ഭൂമിയിൽ നിന്ന് അലൈൻമെന്റ് മാറ്റേണ്ടിവന്നാൽ കേന്ദ്ര,സംസ്ഥാന സർക്കാരുകൾ നഷ്ടപരിഹാരം നൽകില്ല.
കേന്ദ്രപദ്ധതിക്കായി ഏറ്റെടുത്ത് വിജ്ഞാപനം ചെയ്ത ഭൂമി പിന്നീട് വില്പനയോ കൈമാറ്റമോ നടത്തണമെങ്കിൽ പുതിയ വിജ്ഞാപനമിറക്കി ഇവയെ പദ്ധതിയുടെ ഭാഗമല്ലാതാക്കേണ്ടിവരും
ഇത്തരത്തിൽ സാഹചര്യം സങ്കീർണമാക്കരുതെന്നാണ് ഭൂവുടമകളുടെ ആവശ്യം
കേന്ദ്രാനുമതി ലഭിച്ച ശേഷമേ നഷ്ടപരിഹാരം വിതരണം ചെയ്യാനാകൂവെന്ന നിലപാടിലാണ് ദേശീയപാത അതോറിട്ടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |