കഴക്കൂട്ടം: ദേശീയപാതയിൽ കഴക്കൂട്ടത്ത് ജീപ്പ് എലിവേറ്റഡ് ഹൈവേയുടെ തൂണിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് യുവതികളടക്കം നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച രാത്രി 11.45നാണ് മഹീന്ദ്ര ഥാർ ജീപ്പ് അപകടത്തിൽപ്പെട്ടത്. ബാലരാമപുരം തേമ്പാംമൂട് പുത്രക്കാട് വീട്ടിൽ രമേശന്റെ മകൻ ഷിബിൻ ആർ.എസ് (27) ആണ് മരിച്ചത്. നെയ്യാറ്റിൻകര മാരായമുട്ടം അണമുഖം സിയോൺ ഭവനിൽ രജനീഷ് (28) പോങ്ങുംമൂട് സ്വദേശി കിരൺ, മാരായമുട്ടം സ്വദേശി അഖില (24), തിരുവല്ലം സ്വദേശി ശ്രീലക്ഷ്മി (23) എന്നിവർക്കാണ് പരിക്ക്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഷിബിന്റെ ഭാര്യ ആതിരയുടെ പേരിൽ നാലുമാസം മുമ്പ് വാങ്ങിയ പുതിയ ജീപ്പാണ് അപകടത്തിൽപ്പെട്ടത്.
ഷിബിനും സുഹൃത്തുക്കളും ചേർന്ന് ബാലരാമപുരത്ത് എമെർലൈൻ ഇൻഫോടെക് എന്ന സ്ഥാപനം നടത്തുകയാണ്. പോത്തൻകോട് തുടങ്ങുന്ന പുതിയ സ്ഥാപനത്തിന്റെ പരസ്യം പതിക്കാനുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. റേസിംഗാണ് അപകടകാരണമെന്നും സംഘത്തിൽ മറ്റു വാഹനങ്ങൾ ഉണ്ടായിരുന്നതായും പൊലീസ് സംശയിക്കുന്നു. വാഹനമോടിച്ചിരുന്നയാൾ മദ്യപിച്ചിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.
ചാക്കയിൽനിന്ന് കഴക്കൂട്ടത്തേക്ക് വരികയായിരുന്ന ജീപ്പ് ടെക്നോപാർക്കിനടുത്തെ ബൈപാസ് റോഡിൽവച്ചാണ് അപകടത്തിൽപ്പെട്ടത്. പിന്നാലെവന്ന കാർ ജീപ്പിന് ഇടതുഭാഗത്തു കൂടി ഓവർടേക്ക് ചെയ്ത് കയറി. ഷിബിൻ ജീപ്പ് പെട്ടെന്ന് വലത്തേക്ക് വെട്ടിതിരിച്ചു. നിയന്ത്രണംവിട്ട ജീപ്പ് ഡിവൈഡറിലെ തൂണിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് ജീപ്പിലുണ്ടായിരുന്നവർ പൊലീസിനോട് പറഞ്ഞത്. അപകടത്തിൽ രജനീഷിന്റെ വലത് കാലിന്റെ തുടയെല്ല് രണ്ടായി പൊട്ടി മാറി. നെറ്റിയുടെ വലതുഭാഗത്ത് മുറിവും നെഞ്ചിൽ ക്ഷതവും സംഭവിച്ചിട്ടുണ്ട്. ഷിബിൻ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചിരുന്നു. അപകടത്തിൽ ജീപ്പിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഷിബിന് ഒന്നരവയസുള്ള കുട്ടിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |