കൊച്ചി: എറണാകുളം നഗരത്തിലെ ബാറിൽനിന്ന് 10ലക്ഷംരൂപ കവർന്ന മുൻജീവനക്കാരനെ സെൻട്രൽ പൊലീസ് അറസ്റ്റുചെയ്തു. വടുതല കരമായിൽ വീട്ടിൽ കെ.എസ്. വൈശാഖാണ് (28) പിടിയിലായത്. ബാനർജിറോഡിൽ പ്രവർത്തിക്കുന്ന ബാറിൽ 24ന് പുലർച്ചെയായിരുന്നു കവർച്ച. സാമ്പത്തിക തിരിമറി കാട്ടിയതിനെത്തുടർന്ന് മൂന്നുമാസം മുമ്പാണ് ഇയാളെ പിരിച്ചുവിട്ടത്. ഇതിന്റെ വൈരാഗ്യത്തിൽ മോഷണത്തിനായി രണ്ട് മാസമായി പ്രതി പദ്ധതിയിടുകയായിരുന്നു.
കൈയുറയും മാസ്കും ധരിച്ചെത്തിയ വൈശാഖ് സി.സി ടിവി ക്യാമറകളിൽ സ്പ്രേ പെയിന്റ് അടിച്ചശേഷമാണ് ഒന്നാംനിലയിലെ അക്കൗണ്ട്സ് മുറിയുടെ ജനൽപാളി തുറന്ന് അകത്തുകയറിയത്. ലോക്കറിന്റെ താക്കോൽ കൈവശപ്പെടുത്തിയാണ് 10ലക്ഷംരൂപ കൈവശപ്പെടുത്തിയത്. തെളിവുകൾ ഇല്ലാതിരുന്ന കേസിൽ നഗരപരിധിയിലെ നിരവധി സി.സി ടിവി ക്യാമറകൾ നിരീക്ഷിച്ചും സൈബർ സാങ്കേതികവിദ്യകൾ ഉപയോഗിച്ചും നടത്തിയ അന്വേഷണത്തിൽ ചേർത്തല പട്ടണക്കാട് നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
എ.സി.പി സിബി ടോം, എസ്.എച്ച്.ഒ അനീഷ് ജോയി, എസ്.ഐ അനൂപ്, വിഷ്ണു, ശ്യാംകുമാർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് 5.30 ലക്ഷംരൂപ കണ്ടെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |