അങ്കമാലി: അങ്കമാലി നിയോജകമണ്ഡലത്തിലെ വനാതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെ മനുഷ്യവന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി കേരള വനം വന്യജീവി വകുപ്പ് നബാർഡിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സൗരോർജ തൂക്കുവേലിയുടെ നിർമ്മാണം പുരോഗമിക്കുന്നു. കറുകുറ്റി, മൂക്കന്നൂർ, അയ്യമ്പുഴ, പ്ലാന്റേഷൻ പ്രദേശങ്ങളിൽ 60 കിലോമീറ്റർ നീളത്തിലാണ് തൂക്കുവേലി സ്ഥാപിക്കുന്നത്. വനം വന്യജീവി വകുപ്പിന്റെ വാഴച്ചാൽ ഡിവിഷനിൽ അതിരപ്പിള്ളി റേഞ്ചിന് കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. നെല്ലിപ്പോക്കറ്റ് മുതൽ മുനിത്തടം വരെയുള്ള 10 കിലോമീറ്റർ ഭാഗത്താണ് നിർമ്മാണം ആരംഭിച്ചിട്ടുള്ളത്. ഇത്രയും ഭാഗത്ത് അടിക്കാടുകൾ നീക്കി ബേസ് പോസ്റ്റുകൾ സ്ഥാപിക്കൽ പൂർത്തിയാക്കി. നെല്ലിപ്പോക്കറ്റ് മുതൽ കൂഞ്ഞമ്പലം വരെ നാലര കിലോമീറ്റർ ഭാഗത്ത് മെയിൻ പോസ്റ്റുകൾ സ്ഥാപിച്ച് കമ്പിച്ചുരുളുകൾ തൂക്കിയിട്ടിട്ടുണ്ട്. ഞാളിയൻകുന്ന്, പറയമ്പാറ ഭാഗങ്ങളിൽ ബാറ്ററി ബോക്‌സുകൾ സ്ഥാപിച്ച് വൈദ്യുതി കണക്ഷൻ നൽകിയിട്ടുണ്ട്. ബാക്കി വരുന്ന 5.5 കിലോമീറ്റർ ഭാഗത്ത് 6 മീറ്റർ വീതിയിൽ നിൽക്കുന്ന 176 വൃക്ഷങ്ങൾ മുറിച്ച് മാറ്റേണ്ടതുണ്ട്. അതിന് ഫോറസ്റ്റ് സെൻട്രൽ സർക്കിൾ കൺസർവേറ്റർ അനുമതിയും നൽകിയിട്ടുണ്ട്. ബാക്കി വരുന്ന 50 കി.മീ ഭാഗത്ത് മുറിച്ച് മാറ്റേണ്ട വൃക്ഷങ്ങളുടെ വിവരങ്ങൾ വനം വകുപ്പ് അധികൃതർക്ക് നൽകിയിട്ടുണ്ട്.
മനുഷ്യവന്യജീവി സംഘർഷം തടയുന്നതിനായി വാഴച്ചാൽ ഡി.എഫ്.ഒയുടെ നേത്യത്വത്തിൽ പറമ്പികളം ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ നടത്തിയ പഠനത്തിന്റെ ഫലമായി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായി അങ്കമാലി നിയോജകമണ്ഡലത്തിൽ വാഴച്ചാൽ ഡിവിഷന് കീഴിൽ 60 കിലോമീറ്റർ പ്രദേശത്തും, മലയാറ്റൂർ ഡിവിഷന് കീഴിൽ 30 കിലോമീറ്റർ പ്രദേശത്തും, ചാലക്കുടി ഡിവിഷനു കീഴിൽ 18 കിലോമീറ്റർ പ്രദേശത്തുമാണ് തൂക്കുവേലി സ്ഥാപിക്കുന്നത്.
സൗരോർജ തൂക്ക് വേലി നിർമ്മാണ പദ്ധതി പുരോഗതി വിലയിരുത്തുന്നതിനായി റോജി എം. ജോൺ എം.എൽ.എ അതിരപ്പിള്ളി റേഞ്ച് ഓഫീസിൽ വിളിച്ച് ചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ റോജി എം. ജോൺ എം.എൽ.എ അദ്ധ്യക്ഷനായി. വാഴച്ചാൽ ഡി.എഫ്.ഒ സുരേഷ് ബാബു പദ്ധതി വിശദീകരണം നടത്തി. മൂക്കന്നൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിബീഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കാവുങ്ങ, സ്ഥിരം സമിതി അദ്ധ്യക്ഷ ലാലി ആന്റു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോണി മൈപ്പാൻ, കെ.എസ്. മൈക്കിൾ, സിജി ജിജു, വർഗീസ് മാണിക്കത്താൻ, ലൈജു ഈരാളി, തോട്ടം തൊഴിലാളി യൂണിയൻ നേതാവ് സി.കെ. ഉണ്ണിക്കൃഷ്ണൻ, മൂക്കന്നൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.എം. വർഗീസ്, അതിരപ്പിള്ളി റേഞ്ച് ഓഫീസർ വി.ജെ. ജീഷ്മ എന്നിവർ പ്രസംഗിച്ചു.
തൂക്ക് വേലി പരിചരണത്തിനായി എം.എൽ.എയുടെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങൾ, വനം വകുപ്പ്, പ്ലാന്റേഷൻ കോർപ്പറേഷൻ, വനം സംരക്ഷണ സമിതികൾ എന്നിവരുടെ നേതൃത്വത്തിൽ പ്രതിനിധികളെ ഉൾപ്പെടുത്തി പരിപാലന കമ്മിറ്റി രൂപീകരിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |