കൊച്ചി: എറണാകുളത്തെ വീട്ടമ്മയിൽ നിന്ന് ‘വെർച്വൽ അറസ്റ്റി’ലൂടെ തട്ടിപ്പ് സംഘം കൈക്കലാക്കിയത് 20.21 ലക്ഷം രൂപ. പരാതി കിട്ടി മണിക്കൂറുകൾക്കകം കേന്ദ്ര ഏജൻസിയുടെ സഹായത്തോടെ പൊലീസിന്റെ സൈബർതട്ടിപ്പ് വിഭാഗം 4.48 ലക്ഷം രൂപ വീണ്ടെടുത്തു. ഓൾഡ് റെയിൽവേസ്റ്റേഷൻ റോഡിലെ ഫ്ലാറ്റിൽ തനിച്ച് താമസിക്കുന്ന ഡെയ‌്സി തോമസാണ് (65) സൈബർ തട്ടിപ്പിനിരയായത്.
28ന് രാവിലെ 8.53 ഓടെയാണ് ഡെയ്സിയുടെ മൊബൈൽഫോണിലേക്ക് തട്ടിപ്പ് സംഘത്തിന്റെ ആദ്യ ഫോൺവിളിയെത്തിയത്. മുംബൈ കോളാബോ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെന്ന വ്യാജേനയായിരുന്നു സംസാരം. ഡെയ്സിയുടെ പേരിൽ മുംബൈയിൽ ഒരു ഫോൺ കണക്ഷനും ബാങ്ക് അക്കൗണ്ടുമുണ്ടെന്നും അക്കൗണ്ട് വഴി 5.38 കോടി രൂപയുടെ അനധികൃത പണമിടപാട് നടന്നിട്ടുണ്ടെന്നും വിളിച്ചയാൾ അറിയിച്ചു.
അനധികൃത ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റ് ഒഴിവാക്കാനുള്ള നടപടിക്രമങ്ങളിലേക്ക് പണം അയച്ചുകൊടുക്കണമെന്നും ആവശ്യപ്പെട്ടു. ഭയപ്പെട്ട വീട്ടമ്മ 29ന് 10.20 ലക്ഷം രൂപയും 30ന് 9.80 ലക്ഷം രൂപയും ബാങ്ക് അക്കൗണ്ട് വഴിയും 31ന് 21,000 രൂപ ഗൂഗിൾ പേ വഴിയും അയച്ചുകൊടുത്തു. ഡെയ്സിയുടെ ഇരിങ്ങാലക്കുടയിലും എറണാകുളത്തുമുള്ള ബാങ്ക് അക്കൗണ്ടുകളിൽ നിന്നാണ് തട്ടിപ്പ് സംഘം നൽകിയ അക്കൗണ്ടുകളിലേക്ക് പണമയച്ചത്. കബളിപ്പിക്കപ്പെട്ടെന്ന് മനസിലാക്കിയ വീട്ടമ്മ 31ന് രാത്രി 1930 ടോൾഫ്രീ നമ്പരിൽ വിളിച്ച് പരാതി അറിയിച്ചതിനെ തുടർന്നാണ് തട്ടിപ്പ് സംഘം നൽകിയ ബാങ്ക് അക്കൗണ്ടുകളിൽ ശേഷിച്ച 4.48 ലക്ഷം രൂപ തിരിച്ചു പിടിച്ചത്. ഡെയ്സിയുടെ മകൾ ബംഗളൂരുവിലും മകൻ മുംബയിൽ ഐ.ടി മേഖലയിലുമാണ് ജോലി ചെയ്യുന്നത്. മക്കളുടെ അടുത്തേക്ക് പോകാനിരിക്കെയാണ് തട്ടിപ്പിനിരയായത്.
സൈബർ തട്ടിപ്പ് നടന്നാൽ വിളിക്കാം 1930 നമ്പരിൽ
സൈബർതട്ടിപ്പിനിരയായി പണം നഷ്ടമായാൽ എത്രയും പെട്ടെന്ന് 1930 നമ്പരിൽ വിളിച്ച് കേന്ദ്ര ഏജൻസിയായ നാഷണൻ സൈബർക്രൈെം റിപ്പോർട്ടിംഗ് പോർട്ടലിൽ (എൻ.സി.ആർ.പി)പരാതി രജിസ്റ്റർ ചെയ്യണം.
രാജ്യത്ത് എവിടെ നിന്നുമുള്ള പരാതികൾ ഈ നമ്പരിൽ അറിയിക്കാം.
മറക്കരുത് ‘ഗോൾഡൻ അവർ’
തട്ടിപ്പ് നടന്ന് ഒരു മണിക്കൂറിനുള്ളിൽ അറിയിക്കുന്നതാണ് ഏറ്റവും അഭികാമ്യം. ‘ഗോൾഡൻ അവർ’ എന്നാണ് ഒരു മണിക്കൂർ സമയപരിധി അറിയപ്പെടുന്നത്. തട്ടിപ്പ് സംഘം നൽകിയ ബാങ്ക് അക്കൗണ്ടുകളിലാണ് പണം അയച്ചുകൊടുത്തതെങ്കിൽ പരാതി കിട്ടിയാലുടൻ ബന്ധപ്പെട്ട അക്കൗണ്ടുകൾ എൻ.സി.ആർ.പി മരവിപ്പിക്കും. ഈ അക്കൗണ്ടുകളിൽ പണമുണ്ടെങ്കിൽ തട്ടിപ്പിനിരയായ ആൾക്ക് കോടതിയെ സമീപിച്ച് തിരിച്ച് പിടിക്കാൻ അവസരം കിട്ടും.
തട്ടിപ്പ് സംഘങ്ങൾ ഇടനിലക്കാരുടെ ബാങ്ക് അക്കൗണ്ടുകൾ തട്ടിപ്പിന് ഉപയോഗിക്കുന്നതിനാൽ പലപ്പോഴും പണം പിൻവലിക്കാൻ മണിക്കൂറുകളെടുക്കും. അത്രയും സമയം അക്കൗണ്ടുകളിൽ പണം ഉണ്ടാകുമെന്നതിനാൽ ഗോൾഡൻ അവറിൽ പരാതി കിട്ടിയാൽ അക്കൗണ്ട് മരവിപ്പിക്കാനും പണം വീണ്ടെടുക്കാനുമുള്ള സാദ്ധ്യത കൂടുതലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |