കാട്ടാക്കട: മദ്യപിച്ചെത്തിയ മകന്റെ മർദ്ദനമേറ്റ,ഹൃദ്രോഗിയായ പിതാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. കുറ്റിച്ചൽ ഉത്തരംകോട് ചപ്പാത്ത് വഞ്ചിക്കുഴി നിഷാലയത്തിൽ രവിയാണ് (65)മരിച്ചത്. സംഭവത്തിൽ മകൻ നിഷാദിനെ (38) നെയ്യാർഡാം പൊലീസ് കസ്റ്റഡിയിലെടുത്തു.തിങ്കളാഴ്ച രാത്രി 10ഓടെയായിരുന്നു സംഭവം.
മദ്യപിച്ച് വീട്ടിലെത്തിയ നിഷാദ് വീട്ടുകാരുമായി വാക്കുതർക്കമുണ്ടാകുകയും, മാതാവ് വസന്തയെ ചീത്തവിളിച്ചു. തുടർന്ന് വസന്തയെ ഉപദ്രവിച്ചത് ചോദ്യം ചെയ്ത രവിയെ, നിഷാദ് വീടിന്റെ ഹാളിൽ വച്ച് പിടിച്ചുതള്ളി കൈമുറുക്കി നെഞ്ചിൽ ഇടിക്കുകയായിരുന്നു.ഇതോടെ രവിയെ വസന്ത മുറിയിലേക്ക് കൂട്ടികൊണ്ടുപോയി.എന്നാൽ പിന്നാലെ പ്രതി ഈ മുറിയിലെത്തി വീണ്ടും രവിയെ കട്ടിലിലേക്ക് പിടിച്ചുതള്ളി.ഇതോടെ റൂമിൽ നിന്ന് ഹാളിലേക്ക് എഴുന്നേറ്റുവന്ന രവി കുഴഞ്ഞ് വീഴുകയായിരുന്നു.സംഭവമറിഞ്ഞ് അയൽവാസികളെത്തിയാണ് ഇയാളെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.ഐ.സി.യുവിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
നെയ്യാർഡാം പൊലീസ് മദ്യലഹരിയിലായിരുന്ന നിഷാദിനെ തിങ്കളാഴ്ച തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ഇന്നലെ രാത്രി കോടതിയിൽ ഹാജരാക്കി.സ്വകാര്യ ആയുർവേദ ആശുപത്രിയിലെ ഡ്രൈവറാണ്.
രവിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.സംസ്കാരം ഇന്ന് രാവിലെ 10ന്. മകൾ:നിഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |