വിതുര: സംസ്ഥാനസർക്കാരിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ പൂവനി പൂക്കൃഷി പദ്ധതി കൃഷിഭവനുകളും പഞ്ചായത്തും നടപ്പിലാക്കിയതോടെ ഗ്രാമീണമേഖലയിൽ എങ്ങും പൂപ്പാടങ്ങൾ നിരന്നു. തരിശുനിലങ്ങൾ പാട്ടത്തിനെടുത്തും കൃഷിനടത്താത്ത വയലേകളിലുമാണ് പൂവനിപൂക്കൃഷി നടപ്പിലാക്കിയത്. കുടുംബശ്രീയൂണിറ്റുകളും, പുരുഷസംഘങ്ങളും പൂക്കൃഷിയിൽ സജീവമായിരുന്നു. വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി.ആനന്ദ്, കൃഷിഓഫീസർ ദിവ്യ, തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ്, കൃഷിഓഫീസർ ശരണ്യ എന്നിവർ പൂവനി പൂക്കൃഷിക്ക് നേതൃത്വം നൽകി. നന്ദിയോട്, പെരിങ്ങമ്മല, ആര്യനാട്, ആനാട് പഞ്ചായത്തുകളിലും മിക്ക സ്കൂളുകളിലും പൂവനിപൂക്കൃഷി നടപ്പിലാക്കിയിരുന്നു. വിതുര ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂൾ നടത്തിയ പൂവനിപൂക്കൃഷിയിൽ നൂറുമേനി വിളവ് ലഭിച്ചു. വിളവെടുപ്പുത്സവം വിതുര പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വി.പി.അരുൺ നേതൃത്വം നൽകി. മലയോരമേഖലയിൽ ജമന്തി, ചെണ്ടുമല്ലി കൃഷികളാണ് കൂടുതൽ നടത്തിയത്. പ്രതികൂലകാലാവസ്ഥയിലും മികച്ച വിളവാണ് ലഭിച്ചത്. ജമന്തിപൂക്കൾ വിപണിയിൽ നിറഞ്ഞതോടെ അന്യസംസ്ഥാനങ്ങളിൽനിന്നുള്ള പൂവിന് വിലവ്യത്യാസം വന്നു. എന്നാലും തോവാളയിൽനിന്നും എത്തുന്ന പൂക്കൾക്ക് ഓണക്കാലമായതോടെ വിലവർദ്ധിച്ചിട്ടുണ്ട്.
ജൈവപച്ചക്കറിയും
പഞ്ചായത്തിന്റെയും കൃഷിഭവന്റെയും മേൽനോട്ടത്തിൽ കുടുംബശ്രീയൂണിറ്റുകളും, പുരുഷസംഘങ്ങളും വിവിധ കർഷകസംഘടനകളും നടത്തിയ ജൈവ പച്ചക്കറികൃഷിയും വിജയകരമായി. ഓണവിപണി ലക്ഷ്യമിട്ട് ഏക്കർ കണക്കിന് തരിശുഭൂമി പാട്ടത്തിനെടുത്ത് കനത്തമഴയേയും വന്യമൃഗശല്യത്തേയും അവഗണിച്ചാണ് വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ മിക്കവരും കൃഷികൾ നടത്തിയത്.
ഡിമാൻഡ് ഏറെ
ഓണക്കാലമായതോടെ വിളവെടുപ്പുത്സവവും നടത്തി. നാടൻപച്ചക്കറികൾ ഇപ്പോൾ ഓണ വിപണയിൽ സുലഭമാണ്. നാടൻപച്ചക്കറികൾക്ക് ഡിമാൻഡ് ഏറെയാണ്. ഇതോടെ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന പച്ചക്കറികളുടെ വിലയും കുറഞ്ഞിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |