കിളിമാനൂർ: നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം, തൊഴിലാളി ക്ഷാമം എന്നിവയാൽ നിർമ്മാണ മേഖല പ്രതിസന്ധിയിൽ. ക്വാറി ഉത്പന്നങ്ങൾ കിട്ടാനില്ല. മണലിന് പകരം ഉപയോഗിക്കുന്ന എം.സാൻഡ്, പി.സാൻഡ് എന്നിവയ്ക്ക് ദിവസേന വില ഉയരുകയാണ്. പ്ലംബിംഗ് സാമഗ്രികൾക്ക് മുൻപത്തെ അപേക്ഷിച്ച് പത്ത് ശതമാനം മുതൽ ഇരുപത് ശതമാനം വരെ വില വർദ്ധിച്ചിട്ടുണ്ട്. കരാറെടുത്തവരും പറഞ്ഞ തുകയിൽ നിർമ്മാണം പൂർത്തിയാക്കാനാകാതെ ബുദ്ധിമുട്ടുന്നു. സിമന്റ് വില മാത്രമാണ് അല്പം കുറവുള്ളത്. പാരിസ്ഥിതികപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി പകുതിയോളം ക്രഷറുകളും ക്വാറികളും പ്രവർത്തനം നിറുത്തിവച്ചിരിക്കുകയാണ്. ഇതോടെ പാറ, മെറ്റൽ,എം.സാൻഡും, ടി.സാൻഡ് എന്നിവയുടെയും ലഭ്യത കുറഞ്ഞു.
പാതിവഴിയിൽ കുരുങ്ങി ലൈഫും
ലൈഫ് പദ്ധതി പ്രകാരം വീട് പണിയുന്ന ബി.പി.എൽ കുടുംബങ്ങളെയും സാധാരണക്കാരെയും വിലക്കയറ്റം പ്രതികൂലമായി ബാധിച്ചു. നാല് ലക്ഷം രൂപയാണ് പദ്ധതി വഴി നൽകുന്നത്. 8 ലക്ഷം രൂപ വരെയാണ് നിർമ്മാണച്ചെലവ്. തൊഴിലാളികളുടെ കൂലിയിലും വർദ്ധനവുണ്ടായി. രണ്ട് വർഷം മുമ്പ് 800 രൂപയായിരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ കൂലി പ്രതിദിനം 1000 രൂപയാണിന്ന്.
തദ്ദേശ സ്ഥാപനങ്ങളിലെ നിർമ്മാണ ജോലികളും സ്തംഭിച്ചു. മുൻ ബില്ലുകൾ പാസാക്കാത്തതിനാൽ കരാറുകാരും പുതിയ പ്രവൃത്തികൾ ഏറ്റെടുക്കുന്നില്ല. സ്വകാര്യ മേഖലയിലെ ഫ്ലാറ്റ്, വില്ല പദ്ധതികളും പ്രതിസന്ധിയിലാണ്.
വില
എം.സാൻഡ് (ഒരു അടി): 70
പി.സാൻഡ് (ഒരു അടി) : 75
വൺ സ്‌ക്വയർ വയർ : 1250
മെറ്റൽ: 58 (ഒരു കുട്ട)
പാറ: 9000 (ഒരു ലോഡ് )
സിമന്റ് (50 കിലോ): 330
കമ്പി (ഒരുകിലോ): 65
നിർമ്മാണ മേഖലയിൽ ഭൂരിഭാഗവും അന്യസംസ്ഥാന തൊഴിലാളികളായിരുന്നു. ഇപ്പോൾ ഇവർ ഹോട്ടൽ മേഖലകൾ ഉൾപ്പെടെ മറ്റു മേഖലകളിലേക്ക് തിരിഞ്ഞതോടെ തൊഴിലാളികളെ കിട്ടാതായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |