വിതുര: പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിൽ വിതുര മുതൽ ചേന്നൻപാറ വരെയുള്ള റോഡിൽ അപകടം തുടർക്കഥയാകുന്നു. അനവധി അപകടങ്ങളാണ് ഈ റോഡിൽ അടുത്തിടെ അരങ്ങേറിയത്. എന്നിട്ടും നടപടികളില്ല. കഴിഞ്ഞ ദിവസം വൈകിട്ട് വേളാങ്കണ്ണിപള്ളിക്കു സമീപം നിന്ന മണിയനാചാരിയെ അമിതവേഗതയിൽ എത്തിയ കാർ ഇടിച്ചുതെറിപ്പിച്ചതിനെ തുടർന്ന് തൽക്ഷണം മരിച്ചു. നേരത്തേ ഇവിടെ രാത്രിയിൽ ബസിറങ്ങിയ സുമരാജ് എന്നയാളെ കാർ ഇടിച്ചതിനെ തുടർന്ന് അയാളും മരിച്ചിരുന്നു. പിറ്റേദിവസമാണ് സുമരാജിനെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ചേന്നൻപാറ ജംഗ്ഷനു സമീപം അടുത്തിടെ നടന്ന ബൈക്കപകടത്തിൽ തോട്ടുമുക്ക് സ്വദേശിയായ വിദ്യാർത്ഥി മരിച്ചിരുന്നു. ചേന്നൻപാറ കോസലം മംഗളവേദിക്ക് സമീപം നടന്ന ബൈക്കപകടത്തിലും ഒരാൾ മരണമടഞ്ഞിരുന്നു.
അമിതവേഗം അശ്രദ്ധ
വാഹനങ്ങളുടെ അമിതവേഗവും, അശ്രദ്ധയുമാണ് അപകടമരണങ്ങളുടെ എണ്ണം വർദ്ധിക്കാൻ കാരണം. അപകടത്തിൽപ്പെടുന്നത് കൂടുതലും ഇരുചക്രവാഹനങ്ങളാണ്. ഇത്തരം വാഹനങ്ങൾ കാൽനടയാത്രികർക്ക് ഭീഷണിയായി തലങ്ങും വിലങ്ങും പായുന്നത് പതിവ് കാഴ്ചയാണ്. കാൽനട യാത്രികരെ ഇടിച്ചിട്ടിട്ട് കടന്നുകളഞ്ഞ സംഭവവുമുണ്ട്.
ബൈക്ക് റേസിംഗ് സംഘങ്ങളും
ബൈക്ക് റേസിംഗ് സംഘങ്ങളും കളത്തിലുണ്ട്. കഞ്ചാവ്, എം.ഡി.എം.എ വിൽപ്പന സംഘങ്ങളും റോഡിലൂടെ ശരവേഗത്തിൽ പായുന്നുണ്ട്. ഹൈവേ പൊലീസ് പട്രോളിംഗ് നടത്തുന്നുണ്ടെങ്കിലും അമിതവേഗക്കാരെ പിടികൂടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
ടൂറിസ്റ്റുകളും ബുദ്ധിമുട്ടിൽ
പൊൻമുടി ഉൾപ്പെടെയുള്ള വിതുര മേഖലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനായി പതിനായിരങ്ങളാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്. അമിതവേഗം ടൂറിസ്റ്റുകൾക്കും തലവേദന സൃഷ്ടിക്കുന്നുണ്ട്. ഇതിനിടയിൽ പൊൻമുടിയിലെത്തുന്ന യുവ ടൂറിസ്റ്റുസംഘങ്ങളും മിന്നൽവേഗതിയിൽ പായുന്നുണ്ട്. ഇവർ അനവധി അപകടങ്ങളും വിതച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |