തിരുവനന്തപുരം: പുതിയ തലമുറയെ ചരിത്രവും പാരമ്പര്യവും ഓർമ്മപ്പെടുത്തിക്കൊണ്ട് നവരാത്രി വിഗ്രഹഘോഷയാത്ര ഇന്ന് വേണാടിന്റെ തലസ്ഥാനമായ പദ്മനാഭപുരത്തു നിന്ന് ആരംഭിക്കും. ആധുനിക കേരളത്തിന്റെ തലസ്ഥാനത്തേക്കും തിരുവിതാംകൂർ രാജകുടുംബത്തിന്റെ പരദൈവമായ ശ്രീപദ്മനാഭസ്വാമിയുടെ തിരുനടയിലേക്കുമുള്ള ഘോഷയാത്ര 22ന് സമാപിക്കും.അടുത്ത ദിവസം മുതൽ നവരാത്രി ആഘോഷത്തിന് തുടക്കമാകും.
പദ്മനാഭപുരം കൊട്ടാരത്തിലെ തേവാരക്കെട്ടിൽ നിന്ന് സരസ്വതീ ദേവി,വേളിമലയിലെ കുമാര കോവിലിൽ നിന്ന് കുമാരസ്വാമി,ശുചീന്ദ്രത്തു നിന്ന് മുന്നൂറ്റിനങ്ക എന്നീ വിഗ്രഹങ്ങളെയാണ് ആചാരപരമായ ഘോഷയാത്രയോടെ ആനയിക്കുന്നത്.
രാവിലെ 7.30നാണ് ഉടവാൾ കൈമാറ്റച്ചടങ്ങ്. കേന്ദ്രമന്ത്രി സുരേഷ്ഗോപി,മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി,തമിഴ്നാട് മന്ത്രി മനോ തങ്കരാജ്,എം.എൽ.എമാരായ സി.കെ.ഹരീന്ദ്രൻ, കെ.ആൻസലൻ,നാഗർകോവിൽ എം.എൽ.എ എം.ആർ.ഗാന്ധി തുടങ്ങിയവർ പങ്കെടുക്കും.
ഇന്നുകാണുന്ന രീതിയിൽ ക്രമപ്പെടുത്തിയശേഷം നടക്കുന്ന 186-ാമത് വിഗ്രഹ ഘോഷയാത്രയ്ക്കാണ് തുടക്കമാകുന്നത്. സ്വാതി തിരുനാളിന്റെ നിർദേശാനുസരണം1839 മുതലാണ് ഘോഷയാത്രയ്ക്ക് ഈ ചിട്ടയും സൗന്ദര്യവുമുണ്ടായത്. വിദ്യയുടെയും സുകുമാരകലകളുടെയും പൂജയ്ക്ക് സരസ്വതീ ദേവി,ആയുധ പൂജയ്ക്ക് ദേവ സേനാധിപനായ മുരുകൻ, ശക്തിപൂജയ്ക്ക് മുന്നൂറ്റിനങ്ക ഇതായിരുന്നു നവരാത്രി പൂജയുടെ ദേവസങ്കല്പം. നവരാത്രി സംഗീതോത്സവത്തിന് തുടക്കംകുറിച്ചതും സ്വാതി തിരുനാളാണ്.
കമ്പരുടെ പൂജാവിഗ്രഹം
12-ാം നൂറ്റാണ്ടിൽ വള്ളിയൂർ രാജാവിന്റെ സദസ്യനായിരുന്ന മഹാകവി കമ്പർ പൂജിച്ചിരുന്ന സരസ്വതി വിഗ്രഹമാണ് നവരാത്രി മണ്ഡപത്തിലെത്തിക്കുന്നത്. തന്റെ ജീവിതത്തിന്റെ അവസാന നാളുകളിൽ വേണാട്ടിലെ കുലശേഖരപ്പെരുമാളിന് വിഗ്രഹം കൈമാറി. കുലശേഖരപ്പെരുമാൾ ഈ വിഗ്രഹം വലിയ കോയിക്കൽ കൊട്ടാരത്തിൽ സൂക്ഷിച്ചു.
അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയാണ് കോയിക്കൽ കൊട്ടാരത്തെ ഇന്നുകാണുന്ന പദ്മനാഭപുരം കൊട്ടാരമായി പുതുക്കിപ്പണിതത്. കൊട്ടാരത്തിന്റെ കിഴക്കുഭാഗത്തുള്ള തേവാരക്കെട്ടിൽ അദ്ദേഹം വിഗ്രഹം പ്രതിഷ്ഠിച്ചു. അക്കാലത്തു നവരാത്രി ആഘോഷങ്ങൾ പദ്മനാഭപുരത്തായിരുന്നു. മാർത്താണ്ഡവർമ്മയ്ക്കുശേഷം അധികാരത്തിലെത്തിയ കാർത്തിക തിരുനാൾ രാമവർമ്മ (ധർമ്മരാജാവ്) തിരുവിതാംകൂറിന്റെ ആസ്ഥാനം തിരുവനന്തപുരത്തേക്കു മാറ്റിയപ്പോഴും പതിവ് മാറിയില്ല. 1788,1789,1791,1804 വർഷങ്ങളിൽ ഈ വിഗ്രഹം മാവേലിക്കര കൊട്ടാരത്തിലേക്ക് നവരാത്രികാലത്ത് കൊണ്ടുപോയിട്ടുണ്ട്. ഒരുതവണ ഹരിപ്പാട് കൊട്ടാരത്തിലും പൂജിച്ചു.
കുമാരസ്വാമിയുടെ വെള്ളിക്കുതിര
വേലുത്തമ്പി ദളവയുടെ അമ്മ കാണിക്ക വച്ചതാണ് കുമാരസ്വാമിയെ എഴുന്നള്ളിക്കുന്ന വെള്ളിക്കുതിര. വിഗ്രഹഘോഷയാത്ര പുറപ്പെടും മുൻപ് വെള്ളിക്കുതിരയെ ചുവന്നപട്ടിൽ പൊതിഞ്ഞ് ആചാരപരമായി കൊണ്ടുവരും. കരമന ആവടിഅമ്മൻ ശിവക്ഷേത്രത്തിലെത്തുമ്പോൾ പട്ടുത്തുണി മാറ്റി അലങ്കരിക്കും.പല്ലക്കിലെഴുന്നള്ളിച്ച് എത്തിക്കുന്ന വേളിമല മുരുകന്റെ വിഗ്രഹത്തെ അവിടെവച്ച് വെള്ളിക്കുതിരപ്പുറത്തേറ്റും.
ചൊൽക്കെട്ടുമണ്ഡപത്തിലെ സംഗീതോത്സവം
പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിലാണ് കരുവേലപ്പുര മാളിക. കരുവലം മാളികയെന്നാണ് അറിയപ്പെട്ടിരുന്നത്.തിരുവിതാംകൂറിന്റെ ട്രഷറിയായിരുന്നു അത്. അതിന്റെ താഴത്തെ നിലയിലെ ചൊക്കട്ടാ മണ്ഡപത്തിലാണ് സരസ്വതി വിഗ്രഹം പൂജിക്കുന്നത്.നൃത്തം അരങ്ങേറിയിരുന്ന ചൊൽക്കെട്ടു മണ്ഡപം ലോപിച്ചതാണ് ചൊക്കട്ടാ മണ്ഡപം. ഇവിടെ പകിട ശാലയിൽ ദിവസവും വൈകിട്ട് 6 മുതൽ 8.30 വരെയാണ് സംഗീതോത്സവം.
പൂജപ്പുര എഴുന്നള്ളത്ത്
വിജയദശമി ദിവസം പൂജയിളക്കിക്കഴിഞ്ഞാൽ ആര്യശാലയിൽ നിന്ന് കുമാരസ്വാമിയുടെ വിഗ്രഹം വെള്ളിക്കുതിരപ്പുറത്ത് പൂജപ്പുര മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും. രാജഭരണകാലത്ത് തിരുവിതാംകൂർ രാജാക്കന്മാർ രഥത്തിൽ വിഗ്രഹ ഘോഷയാത്രയ്ക്ക് അകമ്പടി സേവിക്കുമായിരുന്നു. അവിടെ പ്രത്യേക പൂജകൾക്കുശേഷം രാജകുടുംബാംഗങ്ങളും മഹാരാജാവും ആയുധാഭ്യാസം നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |