പാറശാല: നവരാത്രി പൂജകൾക്കായി 21ന് അതിർത്തിയിലെത്തുന്ന വിഗ്രഹ ഘോഷയാത്രയെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും കേരള സർക്കാരിന്റെയും നേതൃത്വത്തിൽ ആനയിക്കുമ്പോൾ മാലിന്യങ്ങൾ മറികടക്കാൻ മൂക്കുപൊത്തി വേണം താലൂക്ക് ആസ്ഥാനമായ നെയ്യാറ്റിൻകര നഗരിയിലേക്കെത്താൻ. പൊതുജനങ്ങൾ ദേശീയപാതയിലേക്ക് വലിച്ചെറിയുന്ന മാലിന്യങ്ങളും ചപ്പുചവറുകളും കോഴിവേസ്റ്റ് ഉൾപ്പെടെയുള്ള ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങളും മറ്റും കോരിമാറ്റുന്നതിനോ ഒഴിഞ്ഞ മൂലകൾ കണ്ടെത്തി വെട്ടി മൂടുന്നതിനോ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ അധികൃതരോ തയാറാകുന്നില്ല.
പേരിന് മാലിന്യരഹിത
പഞ്ചായത്തുകൾ
പാറശാല പഞ്ചായത്തിന് നടുവിലൂടെയും കൊല്ലയിൽ, ചെങ്കൽ പഞ്ചായത്തുകളുടെ അതിർത്തി മേഖലകളിലൂടെയും കടന്നുപോകുന്ന പഴയ രാജപാത എന്നറിയപ്പെടുന്ന ദേശീയപാതയിലൂടെ വേണം നവരാത്രി വിഗ്രഹഘോഷയാത്രയ്ക്ക് കടന്നുപോകാൻ. എല്ലാ പഞ്ചായത്തുകളും മാലിന്യരഹിത പഞ്ചായത്തുകളാണെന്ന സർക്കാരിന്റെ പുരസ്കാരങ്ങൾ നേടിയവയാണെങ്കിലും മൂക്കുപൊത്തിവേണം ഈ മാലിന്യരഹിത പഞ്ചായത്തുകളിലൂടെ യാത്രചെയ്യാൻ. വിഗ്രഹഘോഷയാത്ര കടന്നുപോകുന്ന പ്രദേശം ശുചിയാക്കുന്നതിനായി ടാങ്കർ ലോറിയിൽ നിന്നുള്ള വെള്ളം റോഡിലുടനീളം സ്പ്രേ ചെയ്യാറുണ്ടെങ്കിലും റോഡിനിരുവശത്തുമുള്ള മാലിന്യങ്ങൾ മാറ്റാൻ ബന്ധപ്പെട്ട അധികാരികളോ സർക്കാരോ ദേവസ്വം അധികൃതരോ തയാറാവുന്നില്ല.
മൂക്കുപൊത്തി ദേശീയപാത കടക്കണം
സ്വീകരണ പരിപാടികളിൽ പങ്കെടുക്കുന്ന ഗവർണർ ഉൾപ്പെടെയുള്ള വി.ഐ.പികൾക്കായി ദേവസ്വം ബോർഡിന്റെയും റവന്യു അധികാരികളുടെയും നേതൃത്വത്തിൽ വമ്പിച്ച സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. എന്നാൽ സ്വീകരണം കഴിയുന്നതോടെ എല്ലാവരും മൂക്കുപൊത്തി ദേശീയപാത കടക്കേണ്ട അവസ്ഥയാണ്. പാറശാല പഞ്ചായത്ത് ഉൾപ്പെടുന്ന ഇഞ്ചിവിള മുതൽ കൊറ്റാമം വരെയുള്ള റോഡിന്റെ ഇരുവശങ്ങളും മാലിന്യങ്ങളും കാടും പടർപ്പുകളും നിറഞ്ഞ നിലയിലാണ്.
മാതൃകയായി നെയ്യാറ്റിൻകര നഗരസഭ
വിഗ്രഹ ഘോഷയാത്രയുടെ വരവറിഞ്ഞ് നഗരസഭയുടെ അതിർത്തി തുടങ്ങുന്ന അമരവിള മുതൽ ബാലരാമപുരം വരെയുള്ള റോഡിന്റെ ഇരുവശത്തും ഉണ്ടായിരുന്ന കാടും പടർപ്പും മാലിന്യങ്ങളും മാറ്റുന്ന ജോലികൾ നഗരസഭാജീവനക്കാർ തുടരുകയാണ്. മറ്റു പഞ്ചായത്ത് അധികാരികളും നഗരസഭയുടെ മാതൃക തുടരണമെന്നാണ് നാട്ടുകാരുടെയും മറ്റ് വിശ്വാസികളുടെയും ആവശ്യം.
ഫോട്ടോ: ദേശീയപാതയിൽ ഉദിയൻകുളങ്ങരയ്ക്കും കൊറ്റാമത്തിനും മദ്ധ്യേയുള്ള താഴ്ന്ന പ്രദേശത്ത് റോഡിന് ഇരുവശത്തുമായി കിടക്കുന്ന മാലിന്യങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |