കൊച്ചി: മുൻ പൊലീസ് ഉദ്യോഗസ്ഥന്റെ മകളെ ഐ.എ.എസ് ട്രെയിനിയെന്ന് പറഞ്ഞ് വിവാഹവാഗ്ദാനം നൽകി 30 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ജാമ്യത്തിൽ കഴിയുന്ന യുവാവ് നാവിക ഉദ്യോഗസ്ഥനെന്ന വ്യാജേന യുവതിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായി. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ആലപ്പുഴ പുന്നപ്ര ദാരുൾ നജാത്ത് വീട്ടിൽ മുഹമ്മദ് അജ്മൽ ഹുസൈനാണ് (29) എറണാകുളം പൊലീസിന്റെ പിടിയിലായത്.
ആലപ്പുഴ സ്വദേശിനിയായ യുവതിയെ വിവാഹവാഗ്ദനം നൽകിയാണ് എറണാകുളത്തെ ലോഡ്ജിൽ പീഡിപ്പിച്ചത്. തുടർന്ന് സായുധ പൊലീസ് സേനാംഗം എന്ന വ്യാജേന മറ്റൊരു യുവതിയുമായി വിവാഹം അടുത്താഴ്ച നടക്കാനിരിക്കെയാണ് ആലപ്പുഴ മണ്ണഞ്ചേരിയിലെ ലോഡ്ജിൽ നിന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഒൻപത് മാസമായി പരാതിക്കാരിയായ യുവതിയുമായി പ്രതി അടുപ്പത്തിലായിരുന്നു. നീന്തൽപരിശീലനത്തിനിടെയാണ് കണ്ടുമുട്ടുന്നതും വിവാഹവാഗ്ദാനം നൽകിയതും. സൂഫി ലൈക്ക് എന്ന വ്യാജപേരിലാണ് ഇയാൾ യുവതിയുമായി പരിചയപ്പെടുന്നത്. കല്ല്യാണവസ്ത്രങ്ങൾ വാങ്ങാനെന്ന് പറഞ്ഞ് എറണാകുളത്തേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം. പിന്നീട് ഇയാളെക്കുറിച്ച് വിവരം ലഭിക്കാതായതോടെ യുവതി പൊലീസിൽ പരാതി നൽകി. ഇതിനിടെ അടുപ്പത്തിലായ മറ്റൊരു യുവതിയുമായി അടുത്താഴ്ച വിവാഹം ഉറപ്പിച്ചു.
2023 ലാണ് ട്രെയിൻ യാത്രയ്ക്കിടെ പരിചയപ്പെട്ട മുളന്തുരുത്തി സ്വദേശിയായ യുവതിയെ മസൂറിയിൽ ഐ.എ.എസ് പരിശീലനത്തിലാണെന്ന് പറഞ്ഞ് പരിചയപ്പെട്ടതും വിവാഹവാഗ്ദാനം നൽകി പലപ്പോഴായി 30 ലക്ഷം രൂപ തട്ടിയെടുത്തതും. യുവതിയുടെ കുടുംബം കൂടുതൽ പണം നൽകാൻ വിസമ്മതിച്ചതോടെ ബന്ധം അവസാനിപ്പിച്ചു. യുവതിയുടെ പരാതിയിൽ ഹൈദരാബാദിൽ നിന്നാണ് ഇയാളെ അന്ന് പിടികൂടിയത്.
സെൻട്രൽ എ.സി.പി സിബി ടോം, എസ്.ഐമാരായ അനൂപ് സി. ചാക്കോ, ഇ.എം.ഷാജി, സലിം, എ.എസ്.ഐ മനോജ് എന്നിവരുൾപ്പെട്ട സംഘമാണ് ഇത്തവണ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തട്ടിപ്പിലൂടെ നേടിയ പണം ആഡംബര ജീവിതത്തിന്
ഭാര്യ ഇയാളുമായി പിണങ്ങി ഹൈദരാബാദിലാണ് താമസം. അജ്മലിന്റെ മൊബൈൽ ഫോണിൽ ഉന്നതപദവിയിലുള്ളവർ ധരിക്കുന്ന യൂണിഫോമുകൾ ധരിച്ച പ്രതിയുടെ ചിത്രങ്ങളും വ്യാജ തിരിച്ചറിയൽ കാർഡുകളും കണ്ടെത്തി. ഐ.പി.എസ് ഉദ്യോഗസ്ഥനെന്ന വ്യാജേനയും യുവതികളെ വശീകരിച്ച് പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്തിട്ടുണ്ട്. തട്ടിപ്പ് വഴി കിട്ടുന്ന പണം ബംഗളൂരുവിലും ഹൈദരാബാദിലുമായി ആഡംബരജീവിതം നയിക്കാനാണ് ചെലവഴിച്ചത്. വാഹനഷോറൂമുകളിൽ ആഡംബര കാറുകൾ ബുക്ക് ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |