ആര്യനാട്: ആര്യനാട് പഞ്ചായത്തിന്റെയും ജനങ്ങളുടേയും സ്വപ്ന പദ്ധതിയായ ആര്യനാട്ടെ പൊതു ശ്മശാനം യാഥാർത്ഥ്യത്തിലേക്ക്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച പൊതുശ്മശാനത്തിന്റെ നിർമ്മാണജോലികൾ പൂർത്തിയാക്കി 23ന് നാടിന് സമർപ്പിക്കും. 2023-24, 2024-25 സാമ്പത്തിക വർഷങ്ങളിലായി പൂർത്തിയാക്കിയ ഈ പദ്ധതി പഞ്ചായത്തിന്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലാണ്.
ആദിവാസികളുൾപ്പെടെ മലയോര മേഖലയിലെ പ്രധാന പഞ്ചായത്തായ ആര്യനാട്ട് ഒരു പൊതുശ്മശാനം എന്നത് നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു. ശവസംസ്‌കാരം നടത്തുന്നതിനായി തിരുവനന്തപുരം, നെടുമങ്ങാട്, വെള്ളനാട് പൊതുശ്മശാനങ്ങളെയാണ് പഞ്ചായത്തുകാർ ആശ്രയിച്ചിരുന്നത്.
മന്ത്രി എം.ബി. രാജേഷ് 23ന് രാവിലെ 9.30ന് ഉദ്ഘാടനം നിർവഹിക്കും. ജി.സ്റ്റീഫൻ എം.എ.എ അദ്ധ്യക്ഷത വഹിക്കും. അടൂർ പ്രകാശ് എം.പി, വി.ജോയി എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ,തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
ആധുനിക സംവിധാനങ്ങളോടെ
ഏറ്റവും ആധുനിക സംവിധാനങ്ങളോടും കൂടിയാണ് ശ്മശാനം പൂർത്തീകരിച്ചിരിക്കുന്നത്. ഗ്യാസ് ഫർണർ,പാർക്കിംഗ് സൗകര്യം,പുക ശുദ്ധീകരിക്കുന്നിനുള്ള സംവിധാനം,ഓഫീസ്, കർമ്മങ്ങൾ ചെയ്യുന്നതിനുള്ള മണ്ഡപം,ഫല വൃഷങ്ങൾ അടങ്ങന്ന ഗാർഡൻ,കർമ്മങ്ങൾ ചെയ്യുന്നവർക്ക് പ്രത്യേകം സജ്ജീകരിച്ച റൂം, ടോയ്ലെറ്റ് സൗകര്യം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോൻ പറഞ്ഞു. നിലവിൽ ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ശ്മശാനം ഭാവിയിൽ വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന തരത്തിലാണ് നിർമ്മാണം നടത്തിയിട്ടുള്ളത്.
ഉപകാരപ്രദമാകും
ഈഞ്ചപ്പുരി വാർഡിലെ മൈലമൂട്ടിൽ അൻപത് സെന്റ് വസ്തുവിലാണ് തണൽ ശ്മശാനം നിർമ്മിച്ചിരിക്കുന്നത്. വിശാലമായ വാഹന പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആര്യനാട് പഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ഫണ്ടിൽ നിന്നും ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് ശ്മശാന നിർമ്മാണം നടത്താൻ പഞ്ചായത്ത് തീരുമാനിച്ചത്.
ഹൈടെക് സാങ്കേതികവിദ്യ
ഗ്യാസ് ഉപയോഗിച്ചാണ് ഇവിടെ സംസ്‌കാരം നടത്തുക. ഏറ്റവും കുറഞ്ഞ അളവിൽ പുക പുറത്തേക്ക് പോകുന്ന ഹൈടെക് സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഏകദേശം 14 ഗ്യാസ് സിലിണ്ടറുകളാണ് ഒരേസമയത്ത് ശ്മശാനത്തിൽ പ്രവർത്തിക്കുന്നത്. ആര്യനാട് പഞ്ചായത്തിന് പുറമേ സമീപ പഞ്ചായത്തുകളായ ഉഴമലയ്ക്കൽ, കുറ്റിച്ചൽ, പൂവച്ചൽ, തൊളിക്കോട്,വിതുര എന്നീ പഞ്ചായത്തുകൾക്കും ഈ ശ്മശാനം ഉപകാരമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |