കല്ലമ്പലം: മോഷണ വാഹനത്തിൽ കടത്താൻ ശ്രമിച്ച എം.ഡി.എം.എയുമായി നാലുപേരെ കല്ലമ്പലം പൊലീസ് പിടികൂടി. പ്രതികളിൽ നിന്നും മാരകായുധങ്ങളും കണ്ടെടുത്തു. നഗരൂർ വെള്ളല്ലൂർ സ്വദേശിയായ അർജുൻ,ബീമാപള്ളി സ്വദേശികളായ അരുൺ,അബ്ദുള്ള,വെട്ടുകാട് സ്വദേശി അനൂപ് എന്നിവരാണ് പിടിയിലായത്.
കല്ലമ്പലത്ത് നിന്നും രണ്ടുമാസം മുമ്പ് മോഷണം പോയ ഇന്നോവ കാറിലാണ് ഇവരെ പിടികൂടിയത്. വാഹനം കല്ലമ്പലം ഭാഗത്തുണ്ടെന്ന് ഉടമയാണ് പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് വിവിധ സ്ഥലങ്ങളിൽ നടത്തിയ വാഹന പരിശോധനയ്‌ക്കിടെയാണ് വെയിലൂർ ഭാഗത്തുനിന്നും മോഷണ വാഹനത്തിനൊപ്പം പ്രതികളെയും പിടികൂടിയത്. ഇവരെ പരിശോധിച്ചപ്പോൾ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ 14 ഗ്രാം എം.ഡി.എം.എ കണ്ടെത്തി. തുടർന്ന് വാഹനം പരിശോധിച്ചപ്പോൾ ഇറച്ചി വെട്ടാനായി ഉപയോഗിക്കുന്ന വെട്ടുകത്തിയും കഠാരയും കണ്ടെടുത്തു.
ഒന്നാം പ്രതിയായ അർജുൻ വലിയതുറ,നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനുകളിലും രണ്ടാം പ്രതിയായ അനൂപ് വലിയതുറ,കഠിനംകുളം പൊലീസ് സ്റ്റേഷനുകളിലും മൂന്നാം പ്രതിയായ മാടൻ അരുൺ എന്ന അരുൺ വലിയതുറ സ്റ്റേഷനിലും നിരവധി കേസുകളിൽ പ്രതികളാണ്. പ്രതികളെ റിമാൻഡ് ചെയ്‌തു. പ്രതികളിൽ നിന്നും കണ്ടെത്തിയ എം.ഡി.എം.എയുടെ ഉറവിടം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.
കൂടുതൽ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് കല്ലമ്പലം എസ്.എച്ച്.ഒ പ്രൈജൂ.ജി അറിയിച്ചു. എസ്.ഐമാരായ സുനിൽകുമാർ,ഹരി,എ.എസ്.ഐമാരായ ഇർഷാദ്,സുലാൽ സി.പി.ഒമാരായ അനീഷ്,സുജീഷ്,സാജിർ,ഷിജാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |