കോവളം: ഈ വർഷത്തെ മിസ് കേരള ചാമ്പ്യൻപട്ടം നേടിയ ശ്രീനിധി സുരേഷിന് കോവളത്ത് ഉജ്ജ്വലസ്വീകരണം. എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ പ്രസിഡന്റ് കോവളം ടി.എൻ സുരേഷ്, പ്രിയദർശിനി എന്നിവരുടെ മകളും നിയമവിദ്യാർത്ഥിനിയുമായ ശ്രീനിധിക്ക് കോവളം കെ.ടി.പി.ഡി.സിയുടെ നേതൃത്വത്തിലാണ് സ്വീകരണ പരിപാടികൾ ഒരുക്കിയത്.കുഞ്ഞുനാൾ മുതൽ ഫാഷനോടും പുതിയ ട്രെൻഡുകളോടും താത്പര്യം പ്രകടിപ്പിച്ചിരുന്ന ശ്രീനിധിയെ മോഡലിംഗ് വേദിയിലേക്ക് നയിച്ചത് അമ്മ പ്രിയദർശിനിയാണ്. ആറുമാസം മുൻപ് കൊച്ചിയിൽ നടന്ന മത്സരത്തിൽ പങ്കെടുക്കാൻ അപേക്ഷ അയച്ചതും അമ്മതന്നെ. പരിശീലനത്തിനിടെ കാലിലുണ്ടായ പരിക്ക് വില്ലനായെങ്കിലും
പിന്നീട് സ്വയംവര സിൽക്സ് ഇംപ്രസാരിയോ മിസ് കേരള സിൽവർ ജൂബിലി എഡിഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.ട്രിവാൻഡ്രം ഇന്റർനാഷണൽ സ്കൂളിൽ പഠിക്കുന്ന കാലം മുതൽ പ്രസംഗം,ഡിബേറ്റ്,ഡിസൈനിംഗ്,അഭിനയം,മിമിക്രി തുടങ്ങിയ മേഖലകളിലെല്ലാം തത്പരയായിരുന്നു. ഇപ്പോൾ പൂനെ സിംബയോസിസ് ലാ സ്കൂളിൽ അവസാനവർഷ വിദ്യാർത്ഥിയാണ്.കോവളം നീലകണ്ഠ ബീച്ച് റിസോർട്ടിൽ നടന്ന അനുമോദന യോഗം ക്രൈംബ്രാഞ്ച് ഐ.ജി.ജി സ്പർജൻ കുമാർ ഉദ്ഘാടനം ചെയ്തു.കെ.ടി.പി.ഡി.സി പ്രസിഡന്റ് ആർ. വിശ്വനാഥൻ കോൺട്രാക്ടർ അദ്ധ്യക്ഷനായി. സൗത്ത് പാർക്ക് ഗ്രൂപ്പ് എം.ഡി റാണി മോഹൻദാസ്,നിംസ് മെഡിസിറ്റി എം.ഡി ഫൈസൽഖാൻ,ചലച്ചിത്ര സംവിധായകൻ രാജസേനൻ,എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി കെ.എ.ബാഹുലേയൻ,രക്ഷാധികാരി കോവളം ടി.എൻ.സുരേഷ്,എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം സിബി നടരാജ പണിക്കർ,വൈസ് പ്രസിഡന്റ് വൈ.കെ ഷാജി,സെക്രട്ടറി വിപിൻ രാജ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |