ഗതാഗത നിയമങ്ങൾ പാലിക്കുന്നില്ല
വർക്കല: ചെറുതും വലുതുമായ വാഹനാപകടങ്ങളും നിയമ ലംഘനങ്ങളും വർക്കലയിൽ വർദ്ധിക്കുന്നു. കൃത്യമായ പരിശീലനവും ബോധവത്കരണവും നൽകിയാണ് ലൈസൻസ് നൽകുന്നതെങ്കിലും വാഹനവുമായി റോഡിലിറങ്ങുന്നവരിൽ പലരും നിയമങ്ങൾ ലംഘിക്കുകയാണ്. രാവിലെയും വൈകിട്ടും പ്രധാന സ്കൂൾ റോഡുകളിൽ ബൈക്കിൽ അഭ്യാസപ്രകടനങ്ങൾ നടത്തുന്ന യുവാക്കളുടെ സംഘത്തെക്കുറിച്ചും നാട്ടുകാർക്ക് പരാതിയുണ്ട്.
വെട്ടൂർ റോഡ്,വർക്കല ക്ഷേത്രം റോഡ്,ഹെലിപ്പാട്,തിരുവമ്പാടി റോഡ് പാലച്ചിറ - എസ്.എൻ കോളേജ് റോഡ്, ശിവഗിരി തൊടുവെ - നടയറ റോഡ്, ഇടവ - കാപ്പിൽ റോഡ്, അയിരൂർ, വില്ലിക്കടവ്, ചാവർകോട്, പാളയംകുന്ന് എന്നിവിടങ്ങളിൽ അമിതവേഗതയിൽ കാതടപ്പിക്കുന്ന ശബ്ദമുണ്ടാക്കി ബൈക്കിൽ പായുന്ന വിരുതന്മാരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. ഇരുചക്ര വാഹനങ്ങളിൽ ട്രിപ്പിൾ സവാരിക്കാരും നിരവധിയാണ്. 25 വയസിൽ താഴെയുള്ളവരാണ് ഇതിൽ ഏറെയും.
നിയമലംഘനങ്ങൾക്ക് തടയിടാൻ അധികൃതരുടെ ഇടപെടൽ ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അലക്ഷ്യമായി വാഹനമോടിക്കുന്നതുമൂലം വാഹനാപകടങ്ങളും വദ്ധിക്കുന്നു. വ്യാപാരി വ്യവസായി സംഘടനയുടെയും പൊലീസിന്റെയും നിരവധി ക്യാമറകളാണ് വർക്കലയിലെ റോഡുകളിൽ സ്ഥാപിച്ചിട്ടുള്ളത്. ഇവ കൃത്യമായി വീക്ഷിച്ച്,നിയമലംഘനങ്ങൾക്കെതിരെ നടപടിയെടുക്കമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
നിയമലംഘനങ്ങൾ
1) അമിതവേഗത
2) വാഹനങ്ങളുടെ രൂപമാറ്റം വരുത്തൽ
3) ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന തരത്തിൽ സൈലൻസർ ഘടിപ്പിക്കൽ
4) ഉയർന്ന വെട്ടമുള്ള ഹെഡ് ലൈറ്റുകളുടെ ഉപയോഗം
റോഡിലെ അഭ്യാസ പ്രകടനങ്ങളിൽ ഇരയാകുന്നത് കൃത്യമായി നിയമം പാലിക്കുന്ന നിരപരാധികളാണ്
വനിതാ കൗൺസിലർക്കു
നേരെയും അതിക്രമം
പാലച്ചിറയിലും രഘുനാഥപുരത്തും റോഡുകളിൽ സാമൂഹ്യവിരുദ്ധ ശല്യം വർദ്ധിക്കുന്നതായി പരാതിയുണ്ട്.
ഇക്കഴിഞ്ഞ ജൂലായിൽ കുടുംബത്തോടൊപ്പം ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച വർക്കല നഗരസഭയിലെ വനിതാ കൗൺസിലറോടും യുവാക്കൾ മോശമായി പെരുമാറിയതായി പരാതിയുയർന്നിരുന്നു. രഘുനാഥപുരം ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലെത്തുന്ന യുവതികൾക്കും വിദ്യാർത്ഥികൾക്കുമെതിരെയുള്ള അതിക്രമം സമീപ ദിവസങ്ങളിൽ സ്ഥിരമാണെന്നും ആരെങ്കിലും ചോദ്യം ചെയ്താൽപ്പിന്നെ സംഘം ചേർന്ന് അസഭ്യം വിളി പതിവാണെന്നും പരാതിയുണ്ട്.
അമിത വേഗതയും അഭ്യാസ പ്രകടനങ്ങളും നിയന്ത്രിക്കുന്നതിന് പ്രദേശത്ത് പേരിനുപോലും വാഹന പരിശോധനയില്ല. ഇത് നിയമലംഘനങ്ങൾ വർദ്ധിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്.പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും ശക്തമായ ഇടപെടൽ ഇക്കാര്യത്തിലുണ്ടാകണം.
അഡ്വ.ആർ.അനിൽകുമാർ
കൗൺസിലർ, വർക്കല നഗരസഭ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |