കല്ലമ്പലം: ദേശീയപാതയിൽ കല്ലമ്പലം മുതൽ ആലംകോട് വരെ അപകടങ്ങൾ തുടർന്നിട്ടും നടപടിയില്ല. ദേശീയപാതയിൽ തോട്ടയ്ക്കാട് പാലത്തിന് സമീപം മിനിലോറി കാറിലിടിച്ച് വനിത ഓവർസീയർ മരിച്ചത് കഴിഞ്ഞ 6നാണ്. കടുവയിൽ പള്ളി തോട്ടയ്ക്കാട് കൽപ്പേനിയിൽ സി.മീനയാണ് മരിച്ചത്. മകൻ അഭിമന്യു നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. പത്താം ക്ലാസ് വിദ്യാർത്ഥിയായ മകനെ ട്യൂഷൻ ക്ലാസിലെത്തിക്കാൻ ആറ്റിങ്ങൽ ഭാഗത്തേക്ക് പോകവേയായിരുന്നു അപകടം.സംഭവത്തിൽ ലോറിയുടെ അമിത വേഗവും അശ്രദ്ധയും കാരണമായി. തോട്ടയ്ക്കാട് പാലത്തിന് സമീപം കാർ യുടേൺ എടുക്കുമ്പോൾ അതേ ദിശയിൽ അമിതവേഗതയിലെത്തിയ മിനി ലോറി ഇടിക്കുകയായിരുന്നു.
അപകട കേന്ദ്രങ്ങൾ
വെയിലൂർ, ആഴാംകോണം, കടുവയിൽ പള്ളി, തോട്ടയ്ക്കാട് പാലം, ചാത്തൻപാറ എന്നീ സ്ഥലങ്ങളിലാണ് കൂടുതലും അപകടങ്ങൾ നടക്കുന്നത്.ഈ വർഷത്തിൽ ചെറുതും വലുതുമായി 400 ഓളം അപകടങ്ങൾ നടന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 8ഓളം പേർ മരിക്കുകയും 200ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് അപകടങ്ങൾ കുറയ്ക്കാൻ യാതൊരു നടപടികളും ഉണ്ടാകുന്നില്ല.
ട്രാഫിക്ക് നിയമങ്ങൾക്ക് പുല്ലുവില
കടുവയിൽ പള്ളി സ്ഥിതിചെയ്യുന്ന സ്ഥലത്ത് ട്രാഫിക് നിയമ ലംഘനങ്ങൾ ധാരാളം നടക്കുകയാണ്. അമിതവേഗവും നിയന്ത്രണമില്ലാത്ത മറികടക്കലും യഥേഷ്ടം നടക്കുന്നതായാണ് പരാതി. സീബ്രാ ലൈനിൽ നിന്നാൽ പോലും വാഹനം നിറുത്താതെ ചീറിപ്പായുന്നതിനാൽ ജീവൻ പണയം വച്ചാണ് കുട്ടികൾ റോഡ് മുറിച്ച് കടക്കുന്നത്.
നടപടി വേണം
ഇവിടെ ഒരു മേൽപ്പാലം വേണമെന്ന ആവശ്യം ബന്ധപ്പെട്ടവരെ പലതവണ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ച് കവലയിലെ കുരുക്ക് ഒഴിവാക്കാനും നടപടിയില്ല.ആഴാംകോണം മുതൽ പൂവൻപാറ വരെ നാലുവരിപ്പാത ആക്കണമെന്ന ആവശ്യമാണ് നാട്ടുകാരും വ്യാപാരികളും മുന്നോട്ടുവയ്ക്കുന്നത്.
സ്ഥലത്തിന്റെ പ്രാധാന്യം
പ്രധാനപ്പെട്ട മൂന്ന് ആരാധനാലയങ്ങൾ സംഗമിക്കുന്ന സ്ഥലമാണ് കടുവയിൽ പള്ളി ജംഗ്ഷൻ. കൂടാതെ മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന കെ.ടി.സി.ടി സ്കൂളും തൊട്ടടുത്താണ്. തൊട്ടടുത്ത ഓഡിറ്റോറിയത്തിൽ വിവാഹമോ മറ്റ് പരിപാടികളോ ഉണ്ടെങ്കിൽ ഗതാഗതക്കുരുക്ക് മുറുകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |