
നേമം: പ്രഭാത,സായാഹ്ന സവാരിക്കാർക്കിനി കരമനയാറിന്റെ സൗന്ദര്യം ആസ്വദിച്ചുനടക്കാം. നട്ടുച്ചയ്ക്കും തണൽ നൽകുന്ന മരങ്ങളുള്ള കരമനയാറിന്റെ തീരത്തെ ആഴാങ്കൽ നടപ്പാത 29ന് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ വി.ശിവൻകുട്ടി, മുഹമ്മദ് റിയാസ്, റോഷി അഗസ്റ്റിൻ, മേയർ ആര്യാ രാജേന്ദ്രൻ, കൗൺസിലർ ആശാനാഥ് തുടങ്ങിയവർ പങ്കെടുക്കും.
കൈമനം കരുമം റോഡിൽ കരമന നദീതീരത്തോട് ചേർന്ന് 2 കിലോമീറ്ററിലധികം നീളത്തിലാണ് ആഴാങ്കൽ വാക്ക് വേ പൂർത്തീകരിച്ചത്.
നദീ സൗന്ദര്യം ആസ്വദിച്ച ശേഷം പാട്ടുകേട്ട് വിശ്രമിക്കാൻ വിശ്രമ കേന്ദ്രവും ഒരുക്കിയിട്ടുണ്ട്. സായാഹ്ന സവാരിക്കായി നടപ്പാതയിൽ സോളാർ സഹായത്തോടെയുള്ള വിളക്കുകളും പ്രകാശിക്കും. സുരക്ഷയ്ക്കായി സി.സിടിവി ക്യാമറകളും സ്ഥാപിച്ച് കഴിഞ്ഞു.
15 കോടിയുടെ നവീകരണം
ഒ.രാജഗോപാൽ എം.എൽ.എ ആയിരുന്ന കാലത്ത് 7.36 ലക്ഷം രൂപ മുടക്കി സംസ്ഥാന പാതയോട് ചേർന്ന് ഇവിടെ വിശ്രമ കേന്ദ്രം മുൻപ് നിർമ്മിച്ചിരുന്നു. പിന്നീട് കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയൺമെന്റ് (കെ.എസ്.സി.എസ്.ടി.ഇ) 1.45 കിലോമീറ്റർ നീളത്തിൽ നടപ്പാത നിർമ്മിച്ചു.മന്ത്രി വി.ശിവൻകുട്ടിയുടെയും വാർഡ് കൗൺസിലർ ആശാനാഥിന്റെയും താത്പര്യപ്രകാരം 2024 മാർച്ചിൽ സ്മാർട്ട്‌സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 15 കോടിയുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. സംസ്ഥാന ജലസേചന വകുപ്പാണ് രൂപകല്പന ചെയ്തത്.
ആംഫി തിയേറ്ററും ബാൽക്കണിയും
കരമന-ആഴാങ്കൽ നടപ്പാതയ്ക്കിടയിൽ ശങ്കർനഗർ ഭാഗത്ത് നിന്ന് വരുന്ന രണ്ട് കടവുകൾ ചേർന്നുള്ള ഭാഗത്ത് കൽപ്പടവുകളും ടൈൽസ് പാകിയ പവിലിയനുമുണ്ടാകും. കലാപരിപാടികൾ നടത്താൻ ചെറിയ പ്ലാറ്റ്‌ഫോമുകൾ കോൺക്രീറ്റിൽ നിർമ്മിച്ചിട്ടുണ്ട്. ചെറിയ പരിപാടികൾ സംഘടിപ്പിക്കാനാവുന്ന തരത്തിൽ ഒരു ആംഫി തിയേറ്റർ മാതൃകയിലാണ് നിർമ്മാണം പൂർത്തിയാക്കിയത്. ഇതിനുപുറമേ രണ്ട് ബോട്ട് യാർഡുകളും മഴയത്ത് കയറിനിൽക്കാൻ മേൽക്കൂരയുള്ള ബാൽക്കണിയുമുണ്ട്. 80 കാറുകൾ, 100 ബൈക്കുകൾ എന്നിവ പാർക്ക് ചെയ്യാം. കഫറ്റീരിയ, ടോയ്‌ലറ്റ് കോംപ്ലക്സ്, ഫുട്ബാൾ ടർഫ്, ക്രിക്കറ്റ് പിച്ചുകൾ എന്നിവയുടെ നിർമ്മാണവും പൂർത്തീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |