കിളിമാനൂർ: കിളിമാനൂരുകാർ ഇനി സ്വന്തം കുത്തരിച്ചോറ് ഉണ്ണും. കിളിമാനൂരിന്റെ സ്വന്തം കുത്തരിയായ കെ.എം.ആർ റൈസ് ഇന്ന് വിപണിയിലേക്ക്. ബ്ലോക്ക് പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും നേതൃത്വത്തിൽ കിളിമാനൂർ ഭൂമിമിത്ര ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷനാണ് കുത്തരി വിപണിയിൽ എത്തിക്കുന്നത്. വിതരണോദ്ഘാടനം മന്ത്രി ജി.ആർ.അനിൽ ഇന്ന് നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എട്ടു പഞ്ചായത്തുകളിലെ കർഷകർ ഉത്പാദിപ്പിക്കുന്ന നെല്ല് സംഭരിച്ചാണ് കുത്തരി ഭൂമിമിത്ര ഫാർമേഴ്സ് കൂട്ടായ്മ പുറത്തിറക്കുന്നത്. ചൂട്ടയിൽ ദിവസം ഒരുടൺ കുത്തരി നിർമ്മിക്കാൻ ശേഷിയുള്ള മില്ല് സ്ഥാപിച്ചിട്ടുണ്ട്. പ്രാരംഭഘട്ടത്തിൽ ബ്ലോക്ക് പരിധിയിലാണ് വിപണനം. കീടനാശിനി വിമുക്തവും കൃത്രിമത്വം ഇല്ലാത്തതുമായ പ്രകൃതിദത്ത അരിയാണ് ജനങ്ങളിലേക്ക് എത്തിക്കുന്നത്. കൃഷിവകുപ്പിന്റെ സാമ്പത്തികസഹായവും വ്യാവസായിക വകുപ്പ് വായ്പയും കർഷകരുടെ പ്രവർത്തനഫണ്ടും സമാഹരിച്ചാണ് മില്ലും അനുബന്ധ സംവിധാനവും സ്ഥാപിച്ച് അരി വിപണിയിൽ എത്തിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |